കണ്ണൂര്‍: നിര്‍മാണം പുരോഗമിക്കുന്ന തലശ്ശേരി-മാഹി ബൈപാസ് പ്രവൃത്തി അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ആറുമാസത്തിനകം പണി പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബൈപാസിന്റെ പ്രവൃത്തി ഇതിനോടകം തന്നെ 60 ശതമാനം പൂര്‍ത്തിയായി. പാലങ്ങളുടെയും റോഡിന്റെയും പണിയാണ് പ്രധാനമായും നടക്കുന്നത്.
ധര്‍മടം പാലത്തിന്റെ പണി പൂര്‍ത്തിയാവുകയും ചെയ്തു. വയലുകളിലും താഴ്ന്ന സ്ഥലങ്ങളിലും ബൈപാസിനായി മണ്ണിട്ട് ഉയര്‍ത്തല്‍ നടപടി പുരോഗമിച്ചുവരികയാണ്. ബൈപാസ് റോഡ് ടാറിങ് 60 ശതമാനത്തോളം കഴിഞ്ഞു. 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാണ് നിര്‍മിക്കുന്നത്. ബൈപാസിന് ഇരുവശത്തും സര്‍വിസ് റോഡുകളുടെ ടാറിങ് നടക്കുന്നുണ്ട്.
അഞ്ചര മുതല്‍ ഏഴു മീറ്റര്‍ വരെ വീതിയിലാണ് ടാറിങ് നടത്തുന്നത്. 21 അടിപ്പാതകളാണ് ബൈപാസിനുള്ളത്. ഇവയുടെ നിര്‍മാണം 90 ശതമാനത്തിലധികം പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നെണ്ണം കൂടിയാണ് പൂര്‍ത്തിയാകാനുള്ളത്. പാനൂര്‍ മേഖലയില്‍നിന്ന് വലിയ ലോറികളില്‍ മണ്ണെത്തിച്ച് റോഡ് ഉയര്‍ത്തല്‍ പുരോഗമിക്കുകയാണ്. ബൈപ്പാസ് പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കുന്നതോടെ വര്‍ഷങ്ങളായുള്ള ഗതാഗത തടസ്സങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.