പാലക്കാട് : കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ യുവതിയും ഭര്‍ത്താവും തൂങ്ങിമരിച്ചു. പാലക്കാട് കഞ്ചിക്കോട് ആണ് സംഭവം. എലപ്പുള്ളി പി കെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് മരണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം. മനു പ്രസാദും ഭാര്യ ദൃശ്യയും നേതാജി നഗറില്‍ വാടകവീട്ടിലാണ് മകളുമൊത്ത് താമസിച്ചിരുന്നത്. കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ തൂങ്ങിമരിച്ച നിലയില്‍ അമ്മ ദൃശ്യയെ കണ്ടെത്തുകയായിരുന്നു.
ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് താഴേക്ക് വരികയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന്, ആളുകള്‍ ഓടിക്കൂടി ദൃശ്യയെ കുരുക്ക് മാറ്റി താഴെക്കിടത്തി. ആംബുലന്‍സ് വരുന്നതിനായി എല്ലാവരും താഴെ വന്ന സമയത്ത് മനുപ്രസാദ് വീട്ടിലേക്ക് പോയി.
തുടര്‍ന്ന് വാതില്‍ അകത്തുനിന്നും അടച്ച് അതേ കയറുപയോഗിച്ച് തൂങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അഗ്നിരക്ഷാസേന എത്തിയാണ് രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു.കുടുംബവഴക്കാണ് മരണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.