തിരുവനന്തപുരം: അധികം ആര്‍ക്കും അറിയാത്ത തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍. ഏയ് ഓട്ടോ സിനിമയിലെ മോഹന്‍ലാലിന്റെ ജീവിതം പോലെ കൗമാരകാലത്ത് തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിച്ച് നടന്നിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
തന്റെ ജീവിതത്തിലെ കയ്പുനിറഞ്ഞ ദിവസങ്ങളെക്കുറിച്ചാണ് കൃഷ്ണകുമാര്‍ പറയുന്നത്. കൊച്ചി അമ്പലമേട്ടിലെ എഫ്.എ.സി.ടിയില്‍ നിന്ന് കൃഷ്ണകുമാറിന്റെ അച്ഛന് ഗോപാലകൃഷ്ണന്‍നായര്‍ വിരമിച്ചപ്പോള്‍ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചു. എന്നാല്‍, പണം നിക്ഷേപിച്ച് അധികം കഴിയും മുന്‍പേ രണ്ട് ബാങ്കും പൊട്ടി.
ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ അച്ഛന് മറ്റൊരു ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം. അച്ഛനെ സഹായിക്കാന്‍ ഞാനും ഓട്ടോ ഓടിക്കുമായിരുന്നു. തിരുവനന്തപുരം നഗരത്തിന്റെ മുക്കും മൂലയുമറിയാം. ദൂരദര്‍ശനില്‍ അനൗണ്‍സറായിട്ട് പിന്നീട് ജോലി ലഭിച്ചു.പിന്നെ ന്യൂസ് റീഡറായി. അതിനുശേഷമാണ് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചത്. അതോടെ, ആ പഴയ ജോലികള്‍ ഉപേക്ഷിച്ചു.- കൃഷ്ണകുമാര്‍ പറയുന്നു.
‘പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരാണ് സ്ഥാനാര്‍ഥിത്വത്തില്‍ അവസാന അംഗീകാരം നല്‍കിയത്. അതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ജയിച്ച് പോയിട്ട് ഒരു ചുക്കും ചെയ്യാതെ വീണ്ടും അഞ്ചുവര്‍ഷം കഴിഞ്ഞ് തട്ടിപ്പ് പരിപാടികളുമായി എത്തുന്ന രാഷ്ട്രീയ നേതാവാകാന്‍ ജീവിതത്തില്‍ എനിക്ക് താത്പര്യമില്ല.’- താരം പറയുന്നു.