തൃശ്ശൂര്‍: കയ്പമംഗലം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭാ സുബിന് രണ്ട് മണ്ഡലങ്ങളായി മൂന്ന് വോട്ടുകള്‍ ഉണ്ടെന്ന് പരാതി. പ്രതിപക്ഷം ഇരട്ടവോട്ട് ആരോപണം ശക്തമാക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു സംഭവം. എല്‍ഡിഎഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
ഒരേ വോട്ടര്‍ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡും മറ്റൊരു നമ്പറില്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡും ഉള്ളതായി ഭാരവാഹികള്‍ പറയുന്നു. നാട്ടിക മണ്ഡലത്തിലെ വലപ്പാട് 144 ാം നമ്പര്‍ ബൂത്തിലും അതേ ബൂത്തില്‍ തന്നെ മറ്റൊരു കാര്‍ഡും വോട്ടും ഉണ്ട്.
കൂടാതെ കയ്പമംഗലം മണ്ഡലത്തില്‍ കയ്പമംഗലം പഞ്ചായത്തിലാണ് മൂന്നാമത്തെ വോട്ട്. ഇത്തരത്തില്‍ ഒരേ ഐഡി നമ്പറില്‍ രണ്ട് വോട്ടും മറ്റൊരു ബൂത്തില്‍ മറ്റൊരു ഐഡി നമ്പറില്‍ ഒരു വോട്ടും ഉള്ളയാള്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷ നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് പ്രകാരം കയ്പമംഗലം നിയോജകമണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തില്‍ ബൂത്ത് നമ്പര്‍ 27-ല്‍ ക്രമനമ്പര്‍ 763-ല്‍ TAB0759035 എന്ന നമ്പറില്‍ ശോഭാ സുബിന് വോട്ടുണ്ട്.ഇതേ നമ്പറില്‍ത്തന്നെ നാട്ടിക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തില്‍ 144-ാം നമ്പര്‍ ബൂത്തില്‍ ക്രമനമ്പര്‍ 10-ലും ഇദ്ദേഹത്തിന് തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. ഈ ബൂത്തില്‍ത്തന്നെ 1243 ക്രമനമ്പറില്‍ DBD1446558 നമ്പറില്‍ തിരിച്ചറിയല്‍ കാര്‍ഡും വോട്ടും ഉള്ളതായി അവര്‍ ചൂണ്ടിക്കാട്ടി.അതേസമയം ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടുള്ളതിനെകുറിച്ച് അറിയില്ലെന്ന് ശോഭാ സുബിന് പറഞ്ഞു.