തൃപ്രയാര്‍: കഴിമ്പ്രം ബീച്ചില്‍ വിരണ്ടോടിയ പോത്ത് ഇടിച്ച് ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കഴിമ്പ്രം നെടിയിരിപ്പില്‍ ശൂലപാണിയുടെ മകന് ഉദയകുമാറാണ് മരണപ്പെട്ടത്. 43 വയസായിരുന്നു. വണ്ടിയിലുണ്ടായിരുന്ന ഭാര്യയും കുട്ടികളും നിസ്സാര പരിക്കുകളോട രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ടാണ് അപകടം. ഭാര്യയും കുട്ടികളുമൊത്ത് തറവാട്ടില്‍നിന്ന് തിരിച്ചുവരുമ്പോഴാണ് അപകടം. റോഡരികില്‍ പറമ്പില്‍ നിന്നിരുന്ന പോത്താണ് ബൈക്കിന്റെ ശബ്ദം കേട്ട് വിരണ്ടോടിയത്. പോത്ത് എതിരെ വന്ന ഓട്ടോയില്‍ ഇടിച്ചതോടെ ഓട്ടോ സമീപത്തെ തെങ്ങിന് തടത്തിലേയ്ക്ക് മറിയുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ഉദയകുമാര്‍ എടമുട്ടം സെന്ററിലാണ് ഓട്ടോ ഓടിക്കുന്നത്. സംസ്കാരം നടത്തി. ഭാര്യ: സോണി. മക്കള്‍: ദൃശ്യ, പ്രവ്യ.