സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ഫോണ്‍ ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മഴക്കെടുതിയുടെ സാഹചര്യത്തില്‍ തോളോട് തോള് ചേര്‍ന്ന് നിന്ന് കേരളത്തിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. നിലയ്ക്കാത്ത മഴയെ തുടര്‍ന്ന് ഇടുക്കി റിസര്‍വോയര്‍ ഡാമിലെ ജലനിരപ്പ് 2400 അടിയിലെത്തിയിരിക്കുന്നു. ആവശ്യമെങ്കില്‍ നാളെ രാവിലെ ഒരു ഷട്ടര്‍ കൂടി തുറന്നേക്കുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു.
ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് ഉച്ചയോടെ ട്രയല്‍ റണ്ണിനായി തുറന്നത്. അതിനിടെ കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലിലും അപകടങ്ങളിലുമായി സംസ്ഥാനത്ത് 22 പേര് ഇതുവരെ മരിച്ചു. നാല് പേരെ കാണാതായതായും സ്ഥിരീകരണം ഉണ്ട്. സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
എണ്ണായിരത്തോളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിട്ടുണ്ട്. പ്രായമായവര്‍, രോഗമുള്ളവര്‍, അംഗ പരിമിതര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്കാന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. ദുരന്ത പ്രദേശങ്ങളിലും ഇത്തരക്കാരെ ശ്രദ്ധിക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷണം, വെള്ളം, വസ്ത്രം,ശുചി മുറികള്‍ തുടങ്ങിയവ ഒരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ക്യാമ്പുകളില്‍ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പുവരുത്തും.
മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം രണ്ട് സംഘങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഇപ്പോള്‍ 24 അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സ്ഥിതിയണ് ഇപ്പോഴത്തേത്.