കണ്ണൂര്‍: കേരളത്തില്‍ അഞ്ച് കൊല്ലം എല്‍ഡിഎഫ് അഞ്ച് കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. ഇക്കുറി യുഡിഎഫ് തോറ്റാല്‍ മൂന്നാമതൊരു ശക്തി ഉയര്‍ന്നുവരുമെന്നും സുധാകരന് പ്രവര്‍ത്തകരെ ഗൗരവത്തോടെ ഓര്‍മ്മിപ്പിച്ചു.
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയാണ് സുധാകരന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതാണ് കേരളത്തിലെ സാഹചര്യമെന്നും കണ്ണൂര്‍ എംപി ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് യോഗത്തിനിടെ പ്രസംഗിച്ചു.
സംസ്ഥാനത്ത് കൊവിഡ് ഭീതി ഉയര്‍ന്ന സമയത്ത് ജനങ്ങളിലേക്ക് ഇറങ്ങിപ്രവര്‍ത്തിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് സുധാകരന് പറഞ്ഞു. കോവിഡ് കാലത്തെ ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് നിശ്ചലരായിപ്പോയി. കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് അകന്നുപോയെന്നും സുധാകരന് സ്വയം വിമര്‍ശനം നടത്തി.
‘കൊവിഡിന്റെ സമയത്ത് സിപിഐഎം ഒരുപാട് വളണ്ടിയര്മാരെയുണ്ടാക്കി അവരിലൂടെ കിറ്റും മരുന്നും പെന്‍ഷനും വിതരണം ചെയ്തു. വളരെ പ്ലാന്‍ ചെയ്ത ഈ പ്രവര്‍ത്തനത്തിന് മുന്നില്‍ നമ്മള് നിശ്ചലരായി. ജനങ്ങളില്‍നിന്നും അകന്നുപോയി. ഡിവൈഎഫ്ഐയുടെ കുട്ടികള്‍ക്ക് മാത്രമാണ് വളണ്ടിയര്‍ കാര്‍ഡ് നല്‍കിയത്. അവരുടെ കുട്ടികള്‍ വീടുകളില്‍ ചാടിക്കയറി വര്‍ത്താനം പറഞ്ഞു’- സുധാകരന് ചൂണ്ടിക്കാട്ടി.
എനിക്കാര്, എന്റെ മക്കള്‍ക്കും കുടുംബത്തിനുമാര്, അസുഖം വന്നാല്‍ ആര് സഹായിക്കും എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നവരുമായി ചേര്‍ന്നതാണ് തന്റെ രാഷ്ട്രീയമെന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ അവരെ സംരക്ഷിക്കുന്നു, ശ്രദ്ധിക്കുന്നു എന്ന് വരുത്താനുള്ള പ്രവര്‍ത്തനം കൂടി അനിവാര്യമാണ്. കോണ്‍ഗ്രസിന് പലതും ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും സുധാകരന് പറഞ്ഞു.