തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു. സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്നാരോപിച്ചാണ് രാജി.
പികെ റോസക്കുട്ടി പാര്‍ട്ടി പ്രാഥമികാംഗത്വവും രാജിവെച്ചതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ലതിക സുഭാഷിനോടുള്ള പാര്‍ട്ടിയുടെ സമീപനം തന്നെ ഏറെ വേദനിപ്പിച്ചെന്നും റോസക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് രാജിവെച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലതികാ സുഭാഷ് രാജിവെച്ചത്.
മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.