തിരുവനന്തപുരം: കേരളത്തിന് മൂവായിരം കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിനിധി സംഘം സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്, പികെ ബഷീര്‍ എംഎല്‍എ (മുസ്ളീം ലീഗ്), താന്നിവിള ശശിധരന് (കേരളാ കോണ്‍ഗ്രസ് എം), കെ ജയകുമാര്‍ (ആര്‍എസ്പി), വിഎസ് മനോജ് കുമാര്‍(കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ്), എംപി സാജു (സി.എം.പി ) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കുട്ടനാട്ടിലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങളെല്ലാം എഴുതിത്തള്ളണമെന്നും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉണ്ടായ വന്‍ പ്രളയക്കെടുതിക്കൊപ്പം സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ജില്ലകളും പ്രളയക്കെടുതി അനുഭവിക്കുകയാണ്. ഒരു കാലത്തും ഉണ്ടാകാത്ത വിധത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകളെല്ലാം തുറന്നിരിക്കുകയാണ്. അത് മൂലം ഈ പ്രദേശത്തുള്ള ജനങ്ങളാകെ ഭീതിയിലാണ്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ കൂടുതല്‍ സൈന്യത്തെ സുസജ്ജമാക്കി നിറുത്താനാവശ്യമായ ക്രമീകരണങ്ങളും ഉണ്ടാകണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
കേന്ദ്ര ദുരന്തനിവാരണ സേനയുടെ കേരളത്തിലെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്നും. ഇപ്പോള്‍ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളാണ് തൃശൂര്‍ ആസ്ഥാനമാക്കിയുള്ളത്. അതിന്റെ എണ്ണം അടിയന്തരമായി വര്‍ദ്ധിപ്പിക്കണം. റോഡുകള്‍ എല്ലായിടത്തും ഏതാണ്ട് പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ് ഇത് നന്നാക്കാനും അടിയന്തിര കേന്ദ്ര സഹായം വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.