കൊല്ലം: ജില്ലയിലെ സിറ്റി, റൂറല്‍ പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ക്ക് ഇന്ധനം നല്കിയ വകയില്‍ 3 മുതല്‍ 10 ലക്ഷം രൂപ വരെ കുടിശികയെന്ന് റിപ്പോര്‍ട്ട്. മിക്ക പമ്പുടമകള്‍ക്കും 4 മാസമായി തുക കിട്ടിയില്ലെന്ന് വിവരം. ഈ സാഹചര്യത്തില്‍ പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് അറിയിച്ചിരിക്കുകയാണ് കൊല്ലത്തെ പമ്പുടമകള്‍.
ക്വയിലോണ്‍ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഉയര്‍ന്ന ഇന്ധന വില നിലനില്‍ക്കെ കമ്പനികള്‍ക്കു മുന്‍കൂര്‍ പണം നല്കിയാല് മാത്രമേ പമ്പുടമകള്‍ക്ക് ഇന്ധനം ലഭിക്കൂ. ഒരു ദിവസം പണം അടയ്ക്കുന്നതു വൈകിയാല്‍ വന്‍തുക പിഴയായും 18% പലിശയും കമ്പനികള്‍ ഈടാക്കും. മുന്‍പ് 8 ലക്ഷം രൂപയ്ക്ക് ഒരു ലോഡ് ഇന്ധനം ലഭിക്കുമായിരുന്നു. ഇപ്പോഴതു 11 ലക്ഷം രൂപ വരെയായി.
അപ്പോഴാണു പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറച്ചതിന്റെ ലക്ഷങ്ങള്‍ 4 മാസമായി കുടിശികയായിരിക്കുന്നത്. ശേഷം ഇന്ധനം നല്‍കേണ്ടതില്ലെന്ന നിലപാട് പമ്പുടമകള്‍ കൈകൊള്ളുകയായിരുന്നു.