തൃശ്ശൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ തീരുമാനിച്ച ബിജെപി തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാധാകൃഷ്ണന് രംഗത്ത്. അദ്ദേഹത്തെ ബിജെപി കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് തേറമ്പില്‍ രാധാകൃഷ്ണന് പറഞ്ഞു.
ആരോഗ്യപരമായി സുരേഷ് ഗോപി ഏറെ ബുദ്ധിമുട്ടുകയാണെന്നും ആ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത് ബിജെപിയുടെ മനുഷ്യത്വമില്ലായ്മയാണെന്നും തേറമ്പില്‍ രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. ഇങ്ങനെ ബിജെപി അദ്ദേഹത്തെ കഷ്ടപ്പെടുത്തേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് തനിക്കെന്നും തേറമ്പില്‍ പറഞ്ഞു.
തേറമ്പില്‍ രാധാകൃഷ്ണന്റെ വാക്കുകള്‍:
”സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി വരുമെന്നത് കുറെയായി കേള്‍ക്കുന്നതാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ അവരുടെ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചതാണ്. സുരേഷ് ഗോപി കഴിഞ്ഞതവണ ഒരു ഓളമുണ്ടാക്കി. ശരിയാണ്. നല്ല നടനാണ്. പക്ഷെ രാഷ്ട്രീയക്കാരനെന്ന നിലയില്‍, തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ല. എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തെ ഇന്നത്തെ സാഹചര്യത്തില്‍, സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ബന്ധിച്ചത് മനുഷ്യത്വമില്ലായ്മയാണ്.
കാരണം ആരോഗ്യപരമായി അദ്ദേഹം ബുദ്ധിമുട്ടുകയാണ്. ഡോക്ടര്‍മാര്‍ തന്നെ അദ്ദേഹത്തിന് വിശ്രമം വേണമെന്ന് പറയുന്ന സാഹചര്യമാണുള്ളത്. അദ്ദേഹം തന്നെ പറഞ്ഞു, പാര്‍ട്ടി നിര്‍ബന്ധിച്ചത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നാണ്. ഇങ്ങനെ ബിജെപി അദ്ദേഹത്തെ കഷ്ടപ്പെടുത്തേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് എനിക്ക്.”