തിരുവനന്തപുരം: ജഗതി കണ്ണേറ്റുമുക്കിലുള്ള കുതിരപ്പോലീസ് ആസ്ഥാനത്ത് പുതുതായി ഒന്‍പത് കുതിരകളും കൂടി എത്തി. ഇവ ആദ്യത്തെ പരേഡ് ചടങ്ങില്‍ പങ്കെടുക്കുന്നത് മൂന്നുമാസത്തെ തീവ്ര പരിശീലനത്തിനുശേഷമായിരിക്കും.
കുതിരകളെ ഇവിടേക്ക് കൊണ്ടുവന്നത് ജയ്പുരില്‍ നിന്നാണ്. രണ്ടു വയസ്സുള്ള സാമ്രാട്ടാണ് പ്രായത്തില്‍ ഇളയവന്. മൂന്നു വയസ്സുള്ള മരിയ, മീര, ചേതക്, നാലുവയസ്സുകാരായ ആകാശ്, രാജ, സ്വീറ്റി, ദിവ്യ, റെയ്ഞ്ചര്‍ എന്നിവരാണ് മറ്റുള്ളവര്‍. മുതിര, ഓട്സ്, ഗോതമ്പ് തവിട്, മീന്സീഡ്, സോയാബീന്‍ എന്നിവ വേവിച്ചുള്ള ആഹാരം, പിന്നെ നേപ്പിയര്‍ പുല്ല് തുടങ്ങിയവയാണ് ഇവയ്ക്ക് നല്കുന്ന ആഹാരമെന്ന് റിസര്‍വ് ഇന്‍സ്പെക്ടര്‍ രാജശേഖരന് നായര്‍ പറഞ്ഞു.
ഈ കുതിരകളെല്ലാം തന്നെ ഹിന്ദിയില്‍ പരിശീലനം കിട്ടിയവയാണ്. പക്ഷേ, ഇവിടെ ഇംഗ്ലീഷിലാണ് കമാന്‍ഡുകള്‍ പഠിപ്പിക്കുക. കുതിരകളുടെ പരമാവധി ആയുസ്സ് 25 വയസ്സാണ്. 20 വയസ്സുവരെ പട്രോളിങ്ങിനായി ഇവയെ ഉപയോഗിക്കാമെന്ന് ഇവിടത്തെ ഡോക്ടര്‍ എല്‍. ജെ ലോറന്‍സ് പറഞ്ഞു. ഇവയെക്കൂടാതെ 16 മറ്റു കുതിരകളും കൂടിയുണ്ട് ഇവിടെ.