തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി നേതാക്കളെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. പെട്രോളിയം ഉല്പന്നങ്ങള്ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തണമെന്ന ഒരു ശുപാര്‍ശ പോലും ധനമന്ത്രാലയത്തില്‍ കീഴില്‍ ഇല്ലെന്ന നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപി നേതാക്കളെ രൂക്ഷമായി പരിഹസിച്ച് മന്ത്രി രംഗത്തെത്തിയത്.
പെട്രോളിയം ഉല്പന്നങ്ങള്ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗണ്‍സില്‍ ഇതേവരെ പരിഗണിച്ചിട്ടില്ലെന്നു പറയുമ്പോള്‍ ബിജെപി ഭരിക്കുന്ന 18 സംസ്ഥാനങ്ങളുണ്ട് എന്നോര്‍ക്കണം. അവരാരും ഇന്നേ വരെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാണിച്ചു.
കേന്ദ്രസര്‍ക്കാരും ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. ഉന്നയിക്കാത്ത കാര്യം ആര്‍ക്കും എതിര്‍ക്കാനാവില്ല. നഷ്ടപരിഹാരം കിട്ടിയാല്‍ അക്കാര്യം ആലോചിക്കാമെന്നാണ് കേരളം തുടക്കം മുതല്‍ വാദിക്കുന്നത്. വരുമാനത്തില്‍ വന്‍തോതില്‍ കുറവു വരുന്ന തീരുമാനമെടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
തോമസ് ഐസക്കിന്റെ വാക്കുകള്‍:
ഇനി മുരളീധരനും സുരേന്ദ്രനും കുമ്മനംജീയുമൊക്കെ എന്തു പറയും? ”ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ” എന്ന മുദ്രാവാക്യവും വിളിച്ച്, ഈ ജീമാരെല്ലാം ചേര്‍ന്ന് നിര്‍മ്മലാജീയുടെ മുന്നില്‍ ജാഥ നടത്തുമോ? അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടരുത്. അതുപോലൊരു ചെയ്തല്ലേ, കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന് ഇവരോടു ചെയ്തത്? സ്വന്തം പാര്‍ടിയുടെ സംസ്ഥാന നേതാക്കളുടെ പ്രചരണത്തിന്റെ മുന കേന്ദ്രനേതാക്കള്‍തന്നെ രേഖാമൂലം ഒടിച്ചു കളയുന്നത് എന്തൊരു കഷ്ടമാണ്…? പെട്രോളിയം ഉല്പന്നങ്ങള്ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുമോ എന്ന് കേന്ദ്രധനമന്ത്രിയ്ക്കു മുന്നില്‍ ചോദ്യം വന്നു. അവരതിന് രേഖാമൂലം ഇന്നലെ മറുപടിയും നല്കി. ജിഎസ്ടി കൗണ്‍സിലിനു മുന്നില്‍ അങ്ങനെയൊരു ശുപാര്‍ശയേ ഇല്ലെന്നും വരുമാനത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതം മുഴുവന്‍ പഠിച്ചേ എന്തെങ്കിലും ശിപാര്‍ശ നല്കാന് കഴിയൂ എന്നുമാണ് മറുപടി.
തോമസ് ഐസക്കു കാരണമാണ് പെട്രോളിയം ഉല്പന്നങ്ങള്ക്ക് ജിഎസ്ടി ഇല്ലാത്തത് എന്നാണല്ലോ സാക്ഷാല്‍ കുമ്മനം രാജശേഖരനും വി മുരളീധരനും കെ സുരേന്ദ്രനുമൊക്കെ ഇവിടെ പറഞ്ഞു നടന്നത്. പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഈ പ്രചരണം കേട്ടപ്പോള്‍ എനിക്കും ഒരു ഗമയൊക്കെ തോന്നിയിരുന്നു. അതും പോയിക്കിട്ടി. നോട്ടു പിന്‍വലിക്കല്‍ പോലുള്ള നട്ടപ്പിരാന്തുകള്‍ക്ക് ഒരു മടിയുമില്ലാത്തവരെ പ്രതിരോധിക്കാന്‍ വേണ്ട ശേഷിയൊക്കെ എന്നെപ്പോലെ പ്രതിപക്ഷ രാഷ്ട്രീയമുള്ളവര്‍ക്ക് അവര്‍ തന്നെ കല്പ്പിച്ചു തരുമ്പോള്‍ നമുക്ക് സ്വയം ഒരു മതിപ്പൊക്കെ തോന്നില്ലേ. ആ മതിപ്പ് ഇനിയില്ല. അങ്ങനെ ഷൈന്‍ ചെയ്യേണ്ടെന്ന് കേന്ദ്രധനമന്ത്രി തന്നെ തീര്‍പ്പു കല്പ്പിച്ചു. അതോടെ ജീമാരുടെ വ്യാജപ്രചരണത്തിന്റെ കാറ്റുപോയെന്നൊന്നും കരുതരുത്.
‘അന്താരാഷ്ട്ര വിപണിയില്‍ ഇന്ധവില കുറഞ്ഞു, ആ വിലയാണ് ഇവിടെ കൂട്ടുന്നത്’ എന്ന ചരിത്രപ്രസിദ്ധമായ ന്യായീകരണം ഓര്‍മ്മയില്ലേ. അതിന്റെ മാതൃകയില്‍ പുതിയ വിശദീകരണം വന്നുകൂടാ എന്നൊന്നുമില്ല. നികുതി വരുമാനത്തിലെ കുറവ് കണ്ടുപിടിക്കാനുള്ള കാല്‍ക്കുലേറ്റര്‍ തോമസ് ഐസക് ഒളിച്ചുവെച്ചതുകൊണ്ടാണ് അക്കാര്യം പഠിക്കാന്‍ കഴിയാത്തത് എന്നൊക്കെ ആരോപിച്ചാലും അത്ഭുതപ്പെടാനില്ല. ഞാന്‍ എതിര്‍ത്തതുകൊണ്ടാണ് പെട്രോളിയം ഉല്പന്നങ്ങള്ക്ക് ജിഎസ്ടി ബാധകമാക്കാത്തത് എന്നു പറഞ്ഞു നടന്നവര്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തത്? പെട്രോളിയം ഉല്പന്നങ്ങള്ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ്ടി കൌണ്‍സില്‍ ഇതേവരെ പരിഗണിച്ചിട്ടില്ലെന്നു പറയുമ്പോള്‍ ബിജെപി ഭരിക്കുന്ന 18 സംസ്ഥാനങ്ങളുണ്ട് എന്നോര്‍ക്കണം. അവരാരും ഇന്നേ വരെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രസര്‍ക്കാരും ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. ഉന്നയിക്കാത്ത കാര്യം ആര്‍ക്കും എതിര്‍ക്കാനാവില്ല.
നഷ്ടപരിഹാരം കിട്ടിയാല്‍ അക്കാര്യം ആലോചിക്കാമെന്നാണ് കേരളം തുടക്കം മുതല്‍ വാദിക്കുന്നത്. വരുമാനത്തില്‍ വന്‍തോതില്‍ കുറവു വരുന്ന തീരുമാനമെടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. നടപ്പാതിരയ്ക്ക് രാജ്യത്തെ നോട്ടു പിന്‍വലിക്കുന്നതുപോലുള്ള ആനമണ്ടത്തരങ്ങള്‍ കാണിച്ചവര്‍ക്ക് ഇതിനും ധൈര്യമുണ്ടാകേണ്ടതാണ്. പക്ഷേ, എന്തുകൊണ്ടോ അവരും ചെയ്തില്ല. ഒരു നിമിഷം. ജാഥ തുടങ്ങിയെന്നു തോന്നുന്നുന്നു. മുരളീധരന്‍ജിയുടെ ദയനീയസ്വരമല്ലേ ആ കേള്‍ക്കുന്നത്….
”ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ, ഉള്ളില്‍ സങ്കടം ണ്ട് ട്ടോ’