തൃശൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു പ്രശ്നവും ഇല്ലെന്ന് ലതിക സുഭാഷിനെ തള്ളി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. തെരഞ്ഞെടുപ്പിലെ ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും ലതിക സുഭാഷ് പ്രകടിപ്പിച്ചത് സ്വന്തം വികാരമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.
സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിന് പിന്നാലെ ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രമ്യാ ഹരിദാസിന്റെ പ്രതികരണം. സ്ത്രീകള്‍ക്ക് പട്ടികയില്‍ പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താന്‍ കഴിയില്ലെന്നും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളുടെ എണ്ണം കുറവാണെന്ന് അഭിപ്രായം ഇല്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
അത്തരത്തില്‍ പ്രതിഷേധിക്കേണ്ട സാഹചര്യമുള്ള പട്ടിക അല്ല ഇത്. ലതിക സുഭാഷ് പ്രകടിപ്പിച്ചത് സ്വന്തം വികാരമാണ്. ലതിക സ്വതന്ത്ര സ്ഥാനാര്‍ഥിയാകും എന്നു കരുതുന്നില്ലെന്നും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ എല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് സീറ്റ് തന്നാലും ഇനി മത്സരിക്കില്ലെന്ന് ലതിക സുഭാഷ് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായി അനുനയ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് ലതിക സുഭാഷ് വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെക്കുമെന്നും ലതിക സുഭാഷ് അറിയിച്ചിട്ടുണ്ട്.
നിരവധി സ്ത്രീകള്‍ കാലങ്ങളായി മഹിളാ കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി രമണി പി നായരുള്‍പ്പെടെയുള്ളവര്‍ തഴയപ്പെട്ടിട്ടുണ്ട്. അന്‍സജിതയുടെ പേര് വന്നതില്‍ സന്തോഷമുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു.