കോഴിക്കോട്: പ്രശസ്ത കഥകളിയാചാര്യനും നൃത്തഅധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ വിടവാങ്ങി. 105 വയസായിരുന്നു. പുലര്‍ച്ചെ നാലോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിലാണ് അന്ത്യം. എട്ട് പതിറ്റാണ്ട് നീണ്ട അനുപമമായ കലാസപര്യയ്ക്കാണ് തിരശ്ശീല വീണത്.
അദ്ദേഹത്തിന്റേത് കഥകളിക്കായി മാറ്റിവെച്ച ജീവിതമായിരുന്നു. ഭരതനാട്യം, കേരള നടനം എന്നീ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ടായിരുന്നു. 15 വയസുമുതല്‍ കഥകളി രംഗത്തുള്ള അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം, വയോജന ശ്രേഷ്ഠ പുരസ്കാരം. കലാമണ്ഡല പുരസ്കാരം, ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി.
കഥകളിയിലെ തെക്ക്- വടക്ക് സമ്പ്രദായങ്ങളെയും ഭരതനാട്യത്തിലെയും മറ്റും ചില ഘടകങ്ങളെയും സമന്വയിപ്പിച്ച് തന്റേതായ ശൈലി അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. മടന്‍കണ്ടി ചാത്തുകുട്ടിനായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂണ്‍ 26നാണ് അദ്ദേഹം ജനിച്ചത്.
15ാമത്തെ വയസ്സില്‍ വാരിയംവീട്ടില്‍ നാടകസംഘത്തിന്റെ ”വള്ളിത്തിരുമണം” നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദര്‍ശിപ്പിച്ചു.
1977-ല്‍ ഇദ്ദേഹം മലബാര്‍ സുകുമാരന്‍ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവും 1983-ല്‍ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. 2017ല്‍ അദ്ദേഹത്തെ രാജ്യം പത്?മശ്രീ പുരസ്കാരം നല്കി ആദരിച്ചു. അരങ്ങില്‍ കുചേലനായും കീചകനായുമൊക്കെ വേഷപ്പകര്‍ന്നാട്ടം നടത്തിയ കുഞ്ഞിരാമന് നായരുടെ കൃഷ്ണവേഷം കഥകളി ആസ്വാദകര്‍ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു.