കൊച്ചി: മികച്ച ഹാസ്യ കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച് പ്രേക്ഷക മനസ് കീഴടക്കിയ വ്യക്തിയാണ് അലന്‍സിയര്‍. ഇപ്പോള്‍ വിവാദ ചൂടിലാണ് താരം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ താരരാജാവ് മോഹന്‍ലാലിനെതിരെ തോക്കു ചൂണ്ടിയതാണ് അലന്‍സിയറിനു തിരിച്ചടിയായത്. സമൂഹമാധ്യമങ്ങളിലും സിനിമാ രംഗത്തു നിന്നും കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ താരത്തിനെ കണക്കിനു പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മനോരമ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായ ഉണ്ണി കെ വാര്യര്‍.
ലാലിനു നേരെ എന്തിനാണ് തോക്കു ചൂണ്ടിയതെന്ന ചോദ്യത്തിന് സത്യത്തില്‍ എനിക്കോര്‍മ്മയില്ല എന്നാണ് പറഞ്ഞിരുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങെന്നതു ചെറിയ ചടങ്ങല്ല. സിനിമയിലുള്ള ഓരോരുത്തര്‍ക്കും വികാരനിര്‍ഭരമായ നിമിഷമാണ്. പ്രത്യേകിച്ചും അവാര്‍ഡു നേടിയവര്‍ക്ക്. ജേതാക്കളില്‍ പലര്‍ക്കും ജീവിതത്തില്‍ അത്തരമൊരു ചടങ്ങ് ജീവിതത്തില്‍ ഒരിക്കലെ കിട്ടൂ. അവാര്‍ഡു നേടിയവരുടെ വേണ്ടപ്പെട്ടവരും എന്തു സന്തോഷത്തോടെയാകും ആ ചടങ്ങിനു പങ്കെടുത്തിരിക്കുക എന്നതും ആലോചിക്കാവുന്നതെയുള്ളു. അലന്‍സിയറും അവാര്‍ഡു ജേതാവാണ്. ഒരു പക്ഷേ അദ്ദേഹത്തിനു ഇതു വലിയ കാര്യമല്ലായിരിക്കാം ഉണ്ണി കുറിച്ചു.
അലന്‍സിയറിന് മോഹന്‍ലാലിനോടോ പിണറായി വിജയനോടോ പ്രതിഷേധമുണ്ടെങ്കില്‍ അതു ചടങ്ങിനു മുന്‍പോ ശേഷമോ പ്രത്യേക ചടങ്ങായി നടത്താവുന്നതെയുള്ളു. സ്വാഭാവികമായും മാധ്യമശ്രദ്ധയും കിട്ടും. പിണറായി വിജയനോടോ മോഹന്‍ലാലിനോടോ എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ അലന്‍സിയറിന് ഇവിടെ വരാതെ വീട്ടിലിരിക്കുകയും അവിടനിന്നു തോക്കു ചൂണ്ടുകയും ചെയ്യാമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. പല കാര്യങ്ങളിലും എതിര്‍പ്പുള്ള എത്രയോ പേര് ആ ചടങ്ങില്‍ ഉണ്ടാകും. ഇടതുപക്ഷ സര്‍ക്കാരിന്റെ പെന്ഷന് നയം, മദ്യനയം, ലോക മുതലാളിത്തം, മോഹന്‍ലാലിന്റെ ഷര്‍ട്ടിന്റ നിറം, പിണറായിയുടെ ലുക്ക്, എകെ ബാലന്റെ കണ്ണട, വേദിയുടെ നിറം തുടങ്ങി എത്രയോ കാര്യങ്ങളില്‍ എതിര്പ്പുണ്ടാകുന്നതെയുള്ളു.
ഇതില്‍ പ്രതിഷേധമുള്ളവരെല്ലാം വേദിയുടെ മുന്നില്‍ വന്നു വെടിവയ്ക്കുകയും അമ്പെയ്യുകയും തലകുത്തി നില്‍ക്കുകയും നൃത്തം ചെയ്യുകയും പീപ്പി വിളിക്കുകയും ചെണ്ട കൊട്ടുകയും ചെയ്താലുള്ള അവസ്ഥ എന്താകുമെന്നു ‘അലന്‍സിയര്‍ മനസ്സുള്ളവര്‍’ ആലോചിക്കണമെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. അലന്‍സിയറുടെ അഭിനയത്തില്‍ എതിര്‍പ്പുള്ള ഒരാള്‍ അലന്‍സിയര്‍ ക്യാമറയ്ക്കു മുന്നില്‍ വരുമ്പോഴെല്ലാം മുന്നില്‍ ചാടി വെടി വയ്ക്കുന്നതുപോലുള്ള കലാപരിപാടികള്‍ ചെയ്താല്‍ എന്താകും അവസ്ഥ. സ്വാഭാവികമായും സെറ്റിലുള്ളവര്‍ പിടിച്ചു പുറത്താക്കും. അലന്‍സിയറെ ഇന്നലെ പിടിച്ചു പുറത്താക്കാതിരുന്നതു അതൊരു തമാശയായി മുഖ്യമന്ത്രിപോലും കണ്ടു എന്നതുകൊണ്ടാണ്. പക്ഷേ തമാശ കാണിക്കാനുള്ള വേദി ഇതാണോ എന്ന് വെടിവയ്പ്പുകാര്‍ ആലോചിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.
#Lalettan Entry At #KeralaStateFilmAwards 2018@MohanlalMFC @Mohanlal_MP @MohanlalMovies @TrendsMohanlal @MohanlalMoviePr @TeamMohanlal @MOHANLALFANZ pic.twitter.com/ypfoZstFsw
— Snehasallapam (@snehasallapam) August 8, 2018
പിണറായി വിജയനോടു അലന്‍സിയറിന് എതിര്‍പ്പുണ്ടാകാനിടയില്ല. മോഹന്‍ലാല്‍ മുഖ്യാതിഥിയായി വന്നതിലുള്ള എതിര്‍പ്പാകും അലന്‍സിയറെ തോക്കെടുപ്പിച്ചത്. 40 വര്‍ഷം മോഹന്‍ലാല്‍ എന്ന നടന് അഭിനയ രംഗത്തു ചെയ്ത കാര്യങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കില്‍ അലന്‍സിയര്‍ തോക്കിന്റെ കാഞ്ചിവലിക്കില്ലായിരുന്നു. അലന്‍സിയര്‍ നാടകത്തെ പ്രേമിക്കുന്നുവെന്ന് ഇടയ്ക്കിടെ പറയാറുണ്ട്. നല്ല കാര്യം, മോഹന്‍ലാല്‍ എന്ന നടന് അഭിനയിച്ച കാവാലം നാരായണ പണിക്കര്‍ സംവിധാനം ചെയ്ത ‘കര്‍ണ്ണഭാരം’ എന്ന നാടകത്തിന്റെ ക്ളിപ്പിങ് യൂ ട്യൂബിലുണ്ട്.
അലന്‍സിയര്‍ അതു കണ്ടിട്ടില്ലെങ്കില്‍ എടുത്തു കാണണം. എന്നിട്ടു തീരുമാനിക്കണം, വെടിവയ്ക്കണോ വേണ്ടയോ എന്ന്. ഇനി ബുദ്ധിജീവികള്‍ക്കു ഇതെല്ലാമാകാം എന്നാണെങ്കില്‍, അലന്‍സിയര്‍ ഈ ഇനത്തില്‍ പെടുമെങ്കില് പറഞ്ഞതെല്ലാം പിന്‍വലിക്കുകയും ആകാശത്തേക്കു തോക്കു ചൂണ്ടി രണ്ടു വെടി പൊട്ടിക്കുകയും ചെയ്യുന്നു. ഇതെല്ലാം പറയുമ്പോഴും ഒരുകാര്യം പറയട്ടെ, തൊണ്ടിമുതലിലെ പോലീസുകാരന് ഇപ്പോഴും എന്റെ കൂടെയുണ്ട്. അയാളുടെ വിങ്ങല്‍ ഇപ്പോഴും നെഞ്ചിലുണ്ടെന്നും മാധ്യമപ്രവര്ത്തകന് ഓര്‍മിപ്പിച്ചു.