കൊച്ചി: പൊള്ളുന്ന വെയിലില്‍ മകളെ ‘കങ്കാരു ബാഗി’ലാക്കി നെഞ്ചോടു ചേര്‍ത്ത് സ്കൂട്ടറില്‍ സ്വിഗ്ഗിക്കു വേണ്ടി ഭക്ഷണ വിതരണം നടത്തിയ യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രേഷ്മ എന്ന യുവതിയാണ് പൊന്നോമനയെ നെഞ്ചോട് ചേര്‍ത്ത് കെട്ടി ജീവിക്കാനായി ഭക്ഷണവിതരണത്തിനിറങ്ങിയത്.
രേഷ്മയുടെ വീഡിയോ വൈറലായതിന് പിന്നാലെ ജോലി വാഗ്ദാനം ചെയ്ത് ഇസാഫ് ഗ്രൂപ്പ് രംഗത്തെത്തി. രേഷ്മയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലി നല്‍കാമെന്നാണ് ഇസാഫ് ഗ്രൂപ്പിന്റെ വാഗ്ദാനം. എറണാകുളം ഇടപ്പള്ളിയില്‍ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശിയാണ് എസ്. രേഷ്മ.
ഞായറാഴ്ച ഡേ കെയര്‍ ഇല്ലാത്തതിനാല്‍ മകളെ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ ഒരിടമില്ല. ഇതോടെയാണ് രേഷ്മ കുഞ്ഞിനെയും കൊണ്ട് പൊരിവെയിലത്ത് ജോലിയ്ക്കിറങ്ങിയത്. കൂട്ടുകാരി ചോദിക്കുമ്പോഴാണ് തന്റെ വിഡിയോ വൈറലായ വിവരം രേഷ്മ അറിയുന്നത്. വഴിയാത്രക്കാരന് എടുത്ത വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.
പിന്നീട് വിവിധ ഗ്രൂപ്പുകളില്‍ വിഡിയോ വൈറലായി. ഇതോടെ തന്നെ ജോലിയില്‍നിന്ന് പിരിച്ചുവിടുമോ എന്നായിരുന്നു രേഷ്മയുടെ ഭയം. ‘എന്റെ നെഞ്ചില്‍ ചാരിക്കിടക്കുമ്പോള്‍ അവള് ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെണ്‍കുഞ്ഞല്ലേ. ധൈര്യമായി ഞാന്‍ ആരെ ഏല്പിക്കും? വിഡിയോ പലരും ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ചിലര്‍ നെഗറ്റീവ് കമന്റ് എഴുതി.
കംഗാരുവിനെപ്പോലെ കുഞ്ഞിനെയും കൊണ്ടുപോകാതെ എവിടെയെങ്കിലും ഏല്പിച്ചു കൂടെ എന്ന് ചോദിച്ചു. ചിലര്‍ പൊലീസില്‍ പരാതി കൊടുക്കും എന്നൊക്കെ എഴുതി. വാടക വീടിനടുത്തുള്ള ഡേകെയറില്‍ ആഴ്ചയില്‍ ആറു ദിവസവും കുഞ്ഞിനെ വിടുന്നുണ്ട്. ഞായറാഴ്ച ഡേ കെയര്‍ ഇല്ലാത്തതിനാല്‍ ഒരു ദിവസം അവളെ കൂടെ കൊണ്ടുപോയേ പറ്റുകയുള്ളൂ. ശനിയും ഞായറും ജോലി ചെയ്താല്‍ ഇന്‍സെന്റീവ് കൂടുതല്‍ കിട്ടും. കൂടെ കൊണ്ടുപോകുന്നത് മോള്‍ക്കും സന്തോഷമാണ്’ രേഷ്മ പറയുന്നു.
രേഷ്മ വിവാഹിതയായി കൊച്ചിയിലെത്തിയിട്ട് നാലു വര്‍ഷം. ഭര്‍ത്താവ് രാജുവിന് ഗള്‍ഫില്‍ ഹോട്ടല്‍ ജോലിയാണ്. വീട്ടുകാര്‍ക്ക് താല്പര്യമില്ലാത്ത വിവാഹമായിരുന്നതിനാല്‍ അവരുമായി അടുപ്പമില്ല. പ്ലസ്ടു സയന്‍സ് ജയിച്ച ശേഷം ഡിപ്ലോമ കോഴ്സ് ചെയ്ത രേഷ്മ കലൂരിലെ ഒരു സ്ഥാപനത്തില്‍ കോര്‍പ്പറേറ്റ് അക്കൗണ്ടിങ് കോഴ്സ് പഠിക്കുന്നുണ്ട്. ഫീസടയ്ക്കാനുള്ള പണത്തിനു വേണ്ടിയാണ് സ്വിഗ്ഗിയിലെ ജോലി തിരഞ്ഞെടുത്തത്.