തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേ തീരൂവെന്ന് സംസ്ഥാന നേതൃത്വത്തെ തള്ളിക്കൊണ്ട് ദേശീയ നേതൃത്വം. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയാകില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.
ബി.ജെ.പി നേതാവ് എം.ടി രമേശും സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനും അടക്കമുള്ളവരായിരുന്നു ശോഭ മത്സരിക്കില്ലെന്ന കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമെങ്കിലും ശോഭാ സുരേന്ദ്രന് മത്സരിക്കില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. നേരത്തെ ബി.ജെ.പിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനായിരുന്നു കമ്മിറ്റിയിലുള്പ്പെട്ടവരുടെ പട്ടിക പ്രഖ്യാപിച്ചത്. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന ഇ.ശ്രീധരന് 16 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ ഇടം പിടിച്ചിട്ടും ശോഭ സുരേന്ദ്രനെ ഒഴിവാക്കുകയായിരുന്നു.
എന്നാല്‍ സംസ്ഥാന നേതൃത്വത്തെ തള്ളിക്കൊണ്ടുള്ള നിലപാടാണ് കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന നേതൃത്വുമായി ഭിന്നതയില്‍ തുടരുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേ തീരൂവെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ഇതിനൊപ്പം തന്നെ തൃശൂരിലോ തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ച ചെയ്യാനായി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ, മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരും കേരളത്തില്‍ നിന്നുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ഇന്നു വൈകീട്ടോ നാളെയോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.