മലപ്പുറം: ലക്ഷ്യമില്ലാത്ത, അജണ്ട ഇല്ലാത്ത ഒരു പാര്‍ട്ടിയല്ല എസ്ഡിപിഐ എന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. 2031ല്‍ കേരളം എസ്ഡിപിഐ ഭരിക്കുമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2031 ലെ നിയമസഭയില്‍ എസ്ഡിപിഐ നിര്‍ണായക ഘടകമായിരിക്കുമെന്നും 2047 ല്‍ ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയായിരിക്കുമെന്നും മജീദ് പറഞ്ഞു. ബിജെപിയുമായി എല്‍ഡിഎഫും യുഡിഎഫും പുലര്‍ത്തുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയം സംസ്ഥാനത്തിന് അപകടമാണെന്നും മജീദ് വ്യക്തമാക്കി.
‘2031 ല്‍ കേരളത്തില്‍ ഭരണത്തിലെത്താന്‍ വേണ്ടിയുള്ള പദ്ധതി തയ്യാറാക്കിയാണ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മുന്നണി അധികാരത്തില്‍ എത്താനോ എത്താതിരിക്കാനോ ഞങ്ങള്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ക്കെങ്ങനെ ആ ലക്ഷ്യം നേടാന്‍ സാധിക്കും?
2031ല്‍ കേരള നിയമസഭയില്‍ എസ് ഡി പി ഐ നിര്‍ണായക ഘടകമായിരിക്കും. എസ് ഡി പി ഐയുടെ എം എല്‍ എ മാരുണ്ടാകും. 2047 ല്‍ ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയായിരിക്കും എസ് ഡി പി ഐ. എന്താ സംശയം? ഞങ്ങള്‍ ലക്ഷ്യമില്ലാത്ത, അജണ്ട ഇല്ലാത്ത ഒരു പാര്‍ട്ടിയല്ല. ഞങ്ങള്‍ ലക്ഷ്യവും അജണ്ടയും അതിനനുസരിച്ച് വര്‍ക്ക് പ്ളാനുമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്.’ – അബ്ദുല്‍ മജീദ് പറഞ്ഞു.