കൊച്ചി: പിഞ്ചുകുഞ്ഞിനെ ‘കംഗാരു ബാഗി’ലാക്കി നെഞ്ചോടു ചേര്‍ത്ത് സ്വിഗ്ഗിക്കു വേണ്ടി സ്കൂട്ടറില്‍ ഭക്ഷണ വിതരണം നടത്തുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 23 സെക്കന്‍ഡ് വിഡിയോ കണ്ടവരെല്ലാം യുവതിയുടെ ജീവിക്കാനുള്ള പോരാട്ടത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.
കൊല്ലം ചിന്നക്കട സ്വദേശി എസ് രേഷ്മയാണ് പിഞ്ചുകുഞ്ഞിനെയും നെഞ്ചിലേറ്റി ജോലിക്കിറങ്ങിയത്. കൊടുംവെയിലില്‍ കുഞ്ഞ് ആ നെഞ്ചില്‍ വാടി ഉറങ്ങുന്നതാണു വിഡിയോയിലെ കാഴ്ച. കഷ്ടപ്പാടുകളോട് ഒരു പെണ്‍കുട്ടി ഒറ്റയ്ക്കു നടത്തുന്ന പോരാട്ടത്തിന്റെ നേര്ക്കാഴ്ചയുണ്ടതില്; ജീവിക്കാനുള്ള മലയാളിയുടെ പോരാട്ടവീര്യവും.
ഏതോ വഴിയാത്രക്കാരന് യാത്രയ്ക്കിടെ കണ്ടതു ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെ വിഡിയോ വൈറലാകുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി ഗ്രൂപ്പില്‍ ഈ വിഡിയോ പോസ്റ്റു ചെയ്ത് ആരാണ് എന്നു ചോദിക്കുമ്പോഴാണു താന്‍ വിവരം അറിയുന്നതെന്ന് രേഷ്മ പറയുന്നു.
തന്റെ വിഡിയോ ആരെങ്കിലും എടുത്തതോ വൈറലായതോ അതുവരെ എറണാകുളം ഇടപ്പള്ളിയില്‍ താമസിക്കുന്ന രേഷ്മ അറിഞ്ഞിട്ടില്ല. ‘പിന്നെ ആരൊക്കെയോ വാട്സാപ്പില്‍ അയച്ചു തന്നു. ശരിക്കും പേടിച്ചു പോയി. ജോലി നഷ്ടമാകുമോ എന്നായിരുന്നു ആദ്യ ഭയം. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നു വിളിച്ച് വിഡിയോയിലുള്ളത് താനല്ലേ എന്നു ചോദിച്ചപ്പോഴും ജോലിയില്‍നിന്ന് പറഞ്ഞു വിടുമോ എന്നായിരുന്നു ഭയം.’ – രേഷ്മ പറയുന്നു.
‘എന്റെ നെഞ്ചില്‍ ചാരിക്കിടക്കുമ്പോള്‍ അവള് ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെണ്‍കുഞ്ഞല്ലേ. ധൈര്യമായി ഞാന്‍ ആരെ ഏല്പിക്കും? വിഡിയോ പലരും കൂട്ടുകാരും വീട്ടുകാരുമൊക്കെയുള്ള ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ചിലര്‍ നെഗറ്റീവ് കമന്റ് എഴുതിയത് തളര്‍ത്തി. കംഗാരുവിനെപ്പോലെ കുഞ്ഞിനെയും കൊണ്ടുപോകാതെ എവിടെ എങ്കിലും ഏല്പിച്ചു കൂടെ? പൊലീസില്‍ പരാതി കൊടുക്കും എന്നൊക്കെയാണ് ചിലര്‍ എഴുതിയത്.
സത്യത്തില്‍ പേടിയുമുണ്ട്. ഞായറാഴ്ച ഡേ കെയര്‍ ഇല്ലാത്തതിനാല്‍ ഒരു ദിവസം അവളെ കൂടെ കൊണ്ടുപോയേ പറ്റുകയുള്ളൂ. വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള ഡേകെയറില്‍ ആഴ്ചയില്‍ ആറു ദിവസവും കുഞ്ഞിനെ വിടുന്നുണ്ട്. ഞായറാഴ്ച കൂടി അവരെ എങ്ങനെയാണു ബുദ്ധിമുട്ടിക്കുക എന്നോര്‍ത്താണു ജോലിക്കു പോകുമ്പോള്‍ കൂടെക്കൂട്ടുന്നതെന്നും ശനിയും ഞായറും ജോലി ചെയ്താല്‍ ഇന്‍സെന്റീവ് കൂടുതല്‍ കിട്ടുമെന്നും രേഷ്മ പറയുന്നു.