തിരുവനന്തപുരം: എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപി വോട്ട് മറിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഒ രാജഗോപാല്‍ എംഎല്‍എ. ഇടതുപക്ഷത്തിനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണമെന്ന് കരുതുമ്പോള്‍ വലതുപക്ഷത്തിന് വോട്ട് ചെയ്യും. കോണ്‍ഗ്രസ് ആണ് ഭരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണം, അതിന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യും- ഒ രാജഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് ഒ. രാജഗോപാല്‍ ഇക്കാര്യം പറഞ്ഞത്. ഇത്തരത്തില്‍ വോട്ട് ചെയ്യുന്ന ഏര്‍പ്പാട് നമ്മള് കുറെ കാലം ഒക്കെ നോക്കി. പക്ഷെ അതല്ല ശരിയായ സമീപനമെന്ന് മനസ്സിലായെന്നും ഒ രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ പാര്‍ട്ടിക്ക് മികച്ച സംഘടനാ സംവിധാനം ഉള്ളതിനാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നല്ല ടീമിനെ വാര്‍ത്തെടുക്കണമെന്നും അതിന് ജനങ്ങളിലേക്ക് ഇറങ്ങണമെന്നും ഒ. രാജഗോപാല്‍ പ്രവര്‍ത്തകരോട് പറഞ്ഞു. യുഡിഎഫ്-ബിജെപി ധാരണയെന്ന് എല്‍ഡിഎഫും, ബിജെപിയുമായി എല്‍ഡിഎഫാണ് ധാരണയെന്ന് യുഡിഎഫും പരസ്പരം ആരോപിക്കുന്നതിനിടെയാണ് മുന്‍കാലങ്ങളില്‍ വോട്ട് മറിച്ചിരുന്നെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവു കൂടിയായ ഒ. രാജഗോപാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സി.പി.ഐ.എം ഇന്ന് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബിജെപി വ്യാഴാഴ്ചയാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടുക. യുഡിഎഫില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.