വണ്ണപ്പുറം: സ്വന്തമായി സ്ഥലവും വീടും ഉണ്ടെങ്കിലും നാല്പതേക്കര് സ്വദേശി പൂവത്തിങ്കല്‍ രാഘവനും കുടുംബവും താമസിക്കുന്നത് വാടക വീട്ടില്‍. ആലപ്പുഴ മധുര സംസ്ഥാനപാതയില്‍ മുണ്ടന്മുടിക്ക് അടുത്ത് നാല്പതേക്കറിലെ കൊടും വളവില്‍ ആണ് രാഘവന്റെ വീട്. വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ നിയന്ത്രണം വീട്ടു വീട്ടു മുറ്റത്തേക്കു മറിയുന്നത് പതിവായതോടെയാണ് രാഘവന് കുടുംബത്തെയും കൂട്ടി വാടക വീട്ടിലേക്ക് മാറിയത്.
കൊടും വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ നിയന്ത്രണം വീട്ടു വീട്ടു മുറ്റത്തേക്കു മറിയുകയോ ഇടിച്ചു കയറുകയോ ചെയ്യുന്നത് പതിവ് സംഭവം ആയി. പ്രാണഭയത്താലാണ് ഇവര്‍ സ്വന്തം വീട് പൂട്ടിയിട്ട ശേഷം വാടക വീട്ടിലേക്ക് പോയത്. ഒരു വര്‍ഷം മുന്‍പാണ് ഇറക്കം ഇറങ്ങി വന്ന ഇരുചക്ര വാഹനം വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം ഇടിച്ചു തകര്‍ത്ത് താഴേക്ക് പതിച്ചത്.
ഇതിന് മുന്‍പ് പിക് അപ് ജീപ്പ്, മൂന്ന് കാറുകള്‍, മിനി ലോറി ഉള്‍പ്പെടെ അനവധി വാഹനങ്ങള്‍ രാഘവന്റ വീട്ടു മുറ്റത്തേക്കു മറിഞ്ഞു വീടിന് തകരാര്‍ സംഭവിച്ചു. വാഹന അപകടങ്ങള്‍ തുടര്‍ക്കഥ ആയതോടെ ഇവിടെ ക്രാഷ് ഗാര്‍ഡ് സ്ഥാപിച്ചെങ്കിലും ഇതും തകര്‍ത്താണു വാഹനങ്ങള്‍ വീട്ടിലേക്കു മറിയുന്നത്.
പ്രാണ ഭയത്താല്‍ വീട്ടില്‍ കിടക്കാന്‍ സാധിക്കാതെ വന്നതോടെ രാഘവനും ഭാര്യയും 2 പെണ് മക്കളും ഇപ്പോള്‍ വീട് പൂട്ടിയിട്ട ശേഷം വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരിക്കല്‍ രാഘവന്റെ മകള്‍ വിട്ടു മുറ്റത്ത് നില്ക്കുമ്പോള് വാഹനം നിയന്ത്രണം വീട്ടു മറിയുകയും ഓടി മാറിയതിനാല്‍ അപകടത്തില്‍ പെടാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
അപകടം പതിവായിരുന്നെങ്കിലും മറ്റു നിര്‍വാഹം ഇല്ലാത്തതിനാല്‍ ഭയപ്പെട്ട് ഈ വീട്ടില്‍ കഴിയുമ്പോഴാണ് വീടിന്റെ ഒരു ഭാഗം തകര്‍ത്തു കൊണ്ടുള്ള വാഹനാപകടം. ഇതോടെ ഇനിയും ഇവിടെ താമസിക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി വാടക വീടെടുത്തു മാറുകയായിരുന്നു.
അപകടം നടന്ന സമയത്ത് ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രാഘവനെ ആശ്വസിപ്പിച്ചിരുന്നു. ഉടന്‍ സൗകര്യപ്രദമായ സ്ഥലത്ത് വീടു വച്ചു നല്‍കുമെന്നും അതിനായി എല്ലാ നടപടികളും ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ അല്ലാതെ ഒന്നും ഇതുവരെ നടന്നിട്ടില്ല.
രാഘവന് സ്വന്തമായി അകെ ഉള്ളത് എട്ടു സെന്റ് സ്ഥലമാണ്. അവിടെ ഉണ്ടായിരുന്ന കൂരയാണ് വാഹനം ഇടിച്ചു തകര്‍ന്നത്. ജീവ ഭയത്താല്‍ ഈ സ്ഥലത്ത് ഇനിയും വീട് പണിത് താമസിക്കാന്‍ കഴിയില്ല. പ്രായവും രോഗവും മൂലം ബുദ്ധിമുട്ടുന്ന രാഘവനും ഭാര്യയും രണ്ടു പെണ്മക്കളും ഇപ്പോള്‍ വാടക വീട്ടില്‍ കഴിയുകയാണ്.
രോഗാവസ്ഥയിലും തന്നാലാവുന്ന പണിയെടുത്തു കിട്ടുന്ന തുക വാടക നല്കാന് പോലും തികയില്ലെന്ന് രാഘവന് പറയുന്നു. തന്റെ സ്ഥലത്തിനു പകരം സ്ഥലവും വീട് പണിയാന്‍ സഹായവും സര്‍ക്കാരോ സന്നദ്ധ സംഘാടനകളോ ചെയ്തു തന്നില്ലെങ്കില്‍ അധികനാള്‍ കഴിയും മുന്‍പ് പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരുമെന്ന അവസ്ഥയിലാണ് താനെന്ന് രാഘവന് പറയുന്നു.