കൊട്ടാരക്കര: നെടുവത്തൂരില്‍ വന്യജീവിയുടെ ആക്രമണത്തില്‍ 200ഓളം മുട്ടക്കോഴികള്‍ ചത്തു. കാട്ടുപൂച്ചയാണെന്നാണ് പ്രാഥമിക നിഗമനം. വെണ്മണ്ണൂര് അനുഗ്രഹയില്‍ എംഎസ് രാജേഷിന്റെ വീട്ടില്‍ കഴിഞ്ഞ രാത്രിയാണ് വന്യജീവിയുടെ ആക്രണമുണ്ടായത്. മൂന്ന് കോഴി ഷെഡുകളിലായി 1000 കോഴികളെയാണ് ഇവിടെ വളര്‍ത്തുന്നത്.
ഇവയില്‍ ഒരെണ്ണത്തിലാണ് ആക്രമണം ഉണ്ടായത്. ഷെഡിന്റെ വാതിലിനോട് ചേര്‍ന്ന ഭാഗം കടിച്ച് കീറിയാണ് അകത്ത് കടന്നത്. കോഴികളെ കൊന്ന് രക്തം ഊറ്റിക്കുടിച്ച ശേഷം സ്ഥലം വിട്ടു. 70000 രൂപയോളമാണ് രാജേഷിന് നഷ്ടം വന്നത്.
രണ്ട് ദിവസം മുന്‍പ് കോലേലി വിള വല്‍സല വിലാസം രാജശേഖരന് പിള്ളയുടെ വീട്ടിലെ 30 ഓളം കോഴികളെയും വന്യ ജീവി കൊന്നിരുന്നു. കഴിഞ്ഞ ദിവസം പുലിയുടെ മുഖ സാദൃശ്യവും നീണ്ട വാലും ഉള്ള ഒരു മൃഗത്തെ നാട്ടുകാര്‍ കണ്ടിരുന്നു.
ചാന്തൂര്‍, അന്നൂര്‍ മേഖലകളില്‍ പുലി ഇറങ്ങിയതാണെന്നാണ് ആദ്യം അഭ്യൂഹം പടര്‍ന്നത്. ശേഷം, പരാതിയെ തുടര്‍ന്ന് അഞ്ചല്‍ റെയ്ഞ്ച് ഓഫിസില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. മണിക്കൂറുകളോളം നടന്ന തിരച്ചിലിന് ഒടുവിലാണ് കാട്ടുപൂച്ചയുടെ കാല്‍പാടുകളാണെന്ന് കണ്ടെത്തിയത്.