കണ്ണൂര്‍ : നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലത്തിലെ പിണറായിയില്‍ ഇന്ന് തുടക്കമാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കണ്ണൂരിലെത്തും.
ഇന്ന് പകല്‍ മൂന്നിന് മുഖ്യമന്ത്രി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും. വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിയെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് പിണറായിയിലേക്ക് ആനയിക്കും. ബാന്റ് വാദ്യങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് വരവേല്പ്.
വൈകീട്ട് അഞ്ചിന് പിണറായി കണ്വെന്ഷന് സെന്റര്‍ പരിസരത്ത് നടക്കുന്ന പൊതുയോഗത്തോടെയാണ് പ്രചാരണം തുടങ്ങുക. മണ്ഡലത്തിലെ ഒമ്പത് കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് മുഖ്യമന്ത്രി പിണറായിയില്‍ എത്തുക. പിണറായിയില്‍ നടക്കുന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വിവിധ മുന്നണികള്‍ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്.