മലപ്പുറം; ഒരു നാടിന്റെ വിശപ്പു മാറ്റാനായി സൗജന്യ മാര്‍ക്കറ്റ് തുറന്ന് മഹല്ല് കമ്മിറ്റി. വിശന്നിരിക്കുന്നവര്‍ക്ക് അന്നം നല്കാന് മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് മസ്ജിദ് നൂര്‍ മഹല്ല് കമ്മിറ്റിയാണ് കലവറ എന്ന സൗജന്യ സൂപ്പര്‍മാര്‍ക്കറ്റിന് തുടക്കമിട്ടത്.
ഒരുദിവസം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഇവിടെ നിന്നും സൗജന്യമായി ലഭിക്കും. ഓരോ ദിവസവും വന്ന് നിങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എടുക്കാം. കലവറയ്ക്ക് സുരക്ഷാസംവിധാനങ്ങളോ ജീവനക്കാരോ ഇല്ല.
പൂര്‍ണ സ്വാതന്ത്ര്യത്തോടെ പരസ്പര വിശ്വാസവും സഹകരണവും സൗഹൃദവും നിലനിര്‍ത്തി പുതുതലമുറയ്ക്ക് പ്രചോദനമാകുകയാണ് കലവറയിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹല്ല് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. 21 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പായ്ക്കറ്റുകളാണ് ഒരുദിവത്തേക്കാവശ്യമായി ആദ്യഘട്ടത്തില്‍ ലഭിക്കുക.
രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ മസ്ജിദിനോടുചേര്‍ന്ന കലവറയിലെത്തി നിങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എടുക്കാനാവും. മഹല്ല് പരിധിയിലുള്ള എല്ലാ വീടുകളും കലവറയുടെ ഗുണഭോക്താക്കളാണ്. നൂറ്റിമുപ്പത് മുസ്ലിം വീടുകളും മുപ്പത് ഇതരമതസ്തരുടെ വീടുകളുമാണ് മഹല്ല് പരിസരത്തുള്ളത്.
കലവറയിലേക്കാവശ്യമായ സാധനങ്ങള്‍ സംഭാവനയായി നല്‍കാനും കമ്മിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. സാമ്പത്തികശേഷിയുള്ളവര്‍ക്കും സാധനങ്ങള്‍ എടുക്കാം. ഇതിന് ആനുപാതികമായി സംഭാവന നല്കിയാല് മതി. പ്രദര്‍ശിപ്പിച്ച ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ട് സംഭാവന നല്‍കാം.