കൊല്ലം: ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. വിജയയാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍.
ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രന് പ്രഖ്യാപിച്ച വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിന് ശേഷം വലിയ വിമര്‍ശനമാണ് സുരേന്ദ്രന് നേരിട്ടത്. ഇതിന് പിന്നാലെയാണ് പ്രതികരിച്ച് സുരേന്ദ്രന് രംഗത്തെത്തിയത്.
താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു. ഇ ശ്രീധരനെപ്പോലെ ഒരാള്‍ മുന്നില്‍ നിന്ന് നയിക്കണമെന്ന് പൊതുസമൂഹം ആഗ്രഹിക്കുന്നു. ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അങ്ങനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്- സുരേന്ദ്രന് പറഞ്ഞു.
മെട്രോമാന് ഇ ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനും സിപിഎമ്മിനും വെപ്രാളമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. കേരളം ഇ ശ്രീധരനെപ്പോലെ ഒരാളെ ആഗ്രഹിക്കുന്നു. അത് യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യും. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാകുമെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും കെ സുരേന്ദ്രന് പറഞ്ഞു.