പട്ടാഴി: ഏറെ നാളായി സ്വപ്നം കാണുന്ന സ്വന്തമായി വീടെന്ന സ്വപ്നം ലക്ഷം വീട് കോളനിയില്‍ സുഭദ്രാമ്മയ്ക്ക് ഇന്ന് കണ്ണീര് സമ്മാനിക്കുകയാണ്. ഒരു കൂരയുണ്ടാക്കണമെന്നു മാത്രമേ ഈ ജന്മത്തില് ആഗ്രഹം ഉള്ളൂ. ഞങ്ങളെ ഉപദ്രവിക്കുന്നവര്‍ ഈ കണ്ണീരിനു വില പറയേണ്ടി വരുമെന്ന് ഈ 65കാരി കണ്ണീരോടെ പറയുന്നുയ
ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച തുക ഉപയോഗിച്ചു നിര്‍മിക്കുന്ന വീടിന്റെ തറയാണ് സാമൂഹിക വിരുദ്ധര്‍ പൊളിച്ച് കളഞ്ഞത്. ഒരാഴ്ച മുന്‍പ് സമീപത്തെ മറ്റൊരു വീടിന്റെ നിര്‍മാണ ആവശ്യത്തിനായി കെട്ടിയ താല്‍ക്കാലിക ഷെഡ് കത്തിച്ചിരുന്നു. ഫെബ്രുവരി 9നാണ് ആദ്യം ഇവിടെ കത്തിക്കുന്നത്.
വസ്തുവും വീടുമില്ലാത്ത എട്ടു പേര്‍ക്കാണ് ഇവിടെ വീട് ഒരുങ്ങുന്നത്. ഇതില്‍ നാല് വീടിന്റെ നിര്‍മാണം തുടങ്ങി. തുടക്കത്തില്‍ തന്നെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തില്‍ നിര്‍മാണം തടസ്സപ്പെടുന്നത്, ഇവിടെ വീട് നിര്മിക്കുന്നവരെ സംബന്ധിച്ചു ഏറെ ആശങ്ക സൃഷ്ടിക്കുന്നു. ഇവിടെ വീട് അനുവദിച്ചവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരാണ്. ഓരോ ദിവസവും ആക്രമണം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്.