അതിരപ്പിള്ളി: പോലീസ് ജോലിക്കിടയിലും കര്‍ഷക വേഷമണിഞ്ഞ് വെറ്റിലപ്പാറ ചിക്ലായി സ്വദേശി ജെയ്സണ്‍ ജോസഫ്. വീട്ടുമുറ്റത്താണ് ജെയ്സണിന്റെ ചേനക്കൃഷി. ഇത്തവണ മൂവായിരത്തോളം ചേനയാണ് വിളവെടുത്തത്. മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആണ് ജെയ്സണ്‍.
ഒന്നര ഏക്കര്‍ പുരയിടത്തോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍ പല തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും വളരുന്നുണ്ട്. വന്യ മൃഗങ്ങളോടു പൊരുതി വിളയിച്ച കാര്‍ഷിക ഉല്പന്നങ്ങളാണ് ചെലവാക്കിയ തുകയ്ക്കു പോലും വില്ക്കാന് കഴിയാതെ കെട്ടി കിടക്കുന്നത്. കഴിഞ്ഞ വര്‍ഷവും വിളവെടുത്ത ചേന വില്ക്കാന് കഴിഞ്ഞിരുന്നില്ല.
ഇതു വാര്‍ത്ത ആയതിനെ തുടര്‍ന്നു അയല്‍ ജില്ലകളില്‍ നിന്നെത്തിയ വ്യാപാരികളാണ് ചേന മൊത്തമായി എടുത്തത്. കൃഷിഭവനും ഹോര്‍ട്ടികോര്‍പ്പും സഹായിച്ചാല്‍ ചേന വിറ്റഴിക്കാന്‍ കഴിയുമെന്നാണ് ജെയ്സണിന്റെ പ്രതീക്ഷയും. ജൈവവളം മാത്രം ഉപയോഗിച്ചുണ്ടാക്കിയ ചേന, വിത്തിനും കറി വയ്ക്കുന്നതിനും നല്ലതാണെന്ന് 15 വര്‍ഷമായി കൃഷി രംഗത്തുള്ള ജെയ്സണ്‍ പറയുന്നു.