ആലപ്പുഴ: ജനപക്ഷം എംഎല്‍എ പിസി ജോര്‍ജുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിജയയാത്രയില്‍ ആലപ്പുഴ തുറവൂരില്‍ സംസാരിക്കവേയാണ് സുരേന്ദ്രന് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി.
അതേസമയം, ഒരു മുന്നണിയുടെയും ഭാഗമാവുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു പിസി ജോര്‍ജ് മുന്നണി പ്രവേശനത്തെകുറിച്ച് മുമ്പ് പറഞ്ഞത്. തനിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.
‘എനിക്ക് സുരേന്ദ്രനുമായി ബന്ധമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. അത് സത്യമാണ്. ശബരിമല പ്രശ്നം ഉണ്ടായപ്പോള്‍ ആദ്യം സ്ത്രീകളെ തടയാന്‍ പോയത് ഞാനാ. അത് എല്ലാവര്ക്കും അറിയാം. വിശ്വാസികളുടെ പ്രതിനിധി എന്ന നിലയിലാണ് അത് ചെയ്തത്. എന്റെ കടമയായിരുന്നു അത്.
ഞാന്‍ റെസ്റ്റ് എടുത്തത് സുരേന്ദ്രന് വന്ന ശേഷമാണ്. സ്ത്രീകളും പൊലീസും ഒരു ഭാഗത്തും അപ്പുറത്ത് ഞങ്ങളും. സുരേന്ദ്രന് വന്നിട്ട് പറഞ്ഞു. ചേട്ടന് പൊയിക്കോ..ഞാന്‍ നോക്കിക്കോളാന്ന്. പിന്നെ വന്നത് രാഹുല്‍ ഈശ്വറാണ്. അദ്ദേഹവും ശക്തമായ നിലപാട് സ്വീകരിച്ചു. അത് കഴിഞ്ഞ് ഞാന്‍ പോയി ചായ കുടിച്ചു. അതുകൊണ്ടൊക്കെ എനിക്ക് സുരേന്ദ്രനോട് മനസില്‍ ഒരു സ്നേഹം ഉണ്ട്. സുരേന്ദ്രന് പിന്തുണകൊടുത്തതാണ് എനിക്കെതിരെ പ്രചാരണം വരാന്‍ കാരണം. ആരുമായും യോചിച്ചുപോകും.’- പിസി ജോര്‍ജ് പറഞ്ഞു.