പുനലൂര്‍: 66-ാം വയസില്‍ 8000കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ച് പുനലൂരിലെ ഫുട്ബോള്‍ താരം ജോസ്. പുനലൂരില്‍ നിന്ന് കാശ്മീര്‍ വരെയായിരുന്നു ബുള്ളറ്റില്‍ ജോസിന്റെ യാത്ര. 20 ദിവസം മുന്‍പാണ് പുനലൂര്‍ വാളക്കോട് കല്ലംപറമ്പില്‍ വീട്ടില്‍ കെജി ജോസ് കാശ്മീരിലേക്കു സാഹസിക യാത്ര തിരിച്ചത്.
ദിവസം ശരാശരി 700 കിലോമീറ്ററിലധികം യാത്ര. ഏഴു ദിവസം കാശ്മീരില്‍ താമസിച്ചു. 13 ദിവസം പൂര്‍ണ്ണമായും യാത്രയായിരുന്നു. പ്രവാസിയായിരുന്ന കാലത്തും സഞ്ചാരം ജോസിന് എന്നും ഹരമായിരുന്നു. എന്നാല്‍ കുറച്ചു ദിവസം മാത്രം അവധിക്കു നാട്ടില്‍ വന്നു പോയിരുന്നതിനാല്‍ ദീര്‍ഘ ദൂരയാത്രകള് നടന്നില്ല.
പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി സ്ഥിരതാമസം തുടങ്ങിയതോടെയാണ് പുതിയ ബുള്ളറ്റ് മോട്ടര്‍ സൈക്കിള്‍ വാങ്ങി സഹാസിക യാത്രയ്ക്ക് ഒരുങ്ങിയത്. പുനലൂര്‍ സോക്കര്‍ ക്ലബ് അംഗവും മികച്ച സംഘാടകനുമായ ജോസ് യാത്ര പോയ ദിവസങ്ങളൊഴികെ മുടങ്ങാതെ ഫുട്ബോള്‍ കളിക്കാറുണ്ട്. സാഹസിക ഉദ്യമങ്ങള്‍ക്ക് പ്രായം പ്രശ്നമല്ലെന്ന് ജോസ് പറയുന്നു. യുവാക്കള്‍ക്ക് കൂടി ഹരമാണ് ജോസിന്റെ ഈ യാത്രകളും.