ചാലക്കുടി: കുഴിയില്‍ വീണ് തല കമ്പിക്കുള്ളില്‍ കുടുങ്ങി അവശനിലയിലായ നായക്കുട്ടിക്ക് പുതുജീവന്‍. ചാലക്കുടിയിലെ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരാണ് നായക്കുട്ടിക്ക് രക്ഷകരായി എത്തിയത്. നഗരത്തിലെ ചെറിയ കുറ്റിക്കാടിനുള്ളിലെ കുഴിയില്‍ തെരുവുനായ് വീണുകിടക്കാന് തുടങ്ങിയിട്ട് രണ്ട്-മൂന്ന് ദിവസത്തിലേറെയായി.
കെട്ടിടത്തിന്റെ അടിത്തറക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൂണ് വാര്‍ക്കാന്‍ ഒരുക്കിയ കമ്പികള്‍ക്ക് ഇടയില്‍ തല പെട്ടു പോവുകയായിരുന്നു. അതോടെ അവിടെനിന്ന് രക്ഷപ്പെടാനോ ഭക്ഷണമോ വെള്ളമോ കഴിക്കാനോ കഴിയാതെ അവശ സ്ഥിതിയിലായി. കുഴിയായതിനാലും ചുറ്റും കാട് വളര്‍ന്നു കിടക്കുന്നതിനാലും ആരുടെയും ശ്രദ്ധയില്‍പെട്ടില്ല.
നായുടെ ദയനീയമായ നിലവിളി കേള്‍ക്കാന്‍ തുടങ്ങിയതോടെയാണ് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എന്നാല്‍, ആരും അതിനടുത്തെത്താന്‍ ശ്രമിച്ചില്ല. സമീപത്തെ ഗ്രീന്‍സ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന് വിനേഷ് ചാലക്കുടി അഗ്നിരക്ഷ സേനയോട് ഞായറാഴ്ച ഉച്ചയ്ക്ക് സഹായം ആവശ്യപ്പെട്ട് വിളിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ചാലക്കുടി അഗ്നിരക്ഷ നിലയത്തില്‍നിന്ന് സ്റ്റേഷന് ഓഫിസര്‍ സിഒ ജോയിയുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫിസര്‍ എംഎം മിഥുന്, ഹോം ഗാര്‍ഡ് അശോകന് എന്നിവര്‍ സ്ഥലത്തെത്തി. കാടും പടലും നീക്കാന്‍ നാട്ടുകാരും സഹായിക്കുകയായിരുന്നു. ഒടുവില്‍ കുഴിയിലിറങ്ങി ഉദ്യോഗസ്ഥര്‍ നായുടെ തല കുടുങ്ങിയ കമ്പി മുറിച്ച് അതിനെ പുറത്തെടുക്കുകയായിരുന്നു.