തിരുവനന്തപുരം: മുസ്ലീംലീഗ് വിഷയത്തില്‍ ശോഭ സുരേന്ദ്രനെ തള്ളി കേന്ദ്രമന്ത്രി വി. മുരളീധരന്. മുസ്ലീംലീഗ് ഭീകരവാദത്തിനു പിന്തുണ നല്കുന്ന പാര്‍ട്ടിയാണ്. മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് വി. മുരളീധരന് പറഞ്ഞു. ആശയപരമായി യോജിക്കണമെങ്കില്‍ പുതിയ പാര്‍ട്ടിയായി വരേണ്ടി വരുമെന്നും മുസ്ലീംലീഗിന് വര്‍ഗീയത മാറ്റിവച്ച് വരാന്‍ ആകില്ലെന്നും വി. മുരളീധരന് പറഞ്ഞു. തിരുവനന്തപുരത്ത് സംസാരിക്കവേയാണ് മുരളീധരന്റെ പരാമര്‍ശം.
മുസ്ലീംലീഗിനെ കേരളത്തിലോ, ഇന്ത്യയില്‍ എവിടെയെങ്കിലുമോ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. കേരളത്തില്‍ ഭീകരവാദത്തിന് പിന്തുണ നല്കുന്ന ശക്തികളില്‍ ഒന്ന് മുസ്ലീംലീഗാണ്. അത്തരം ഒരു പാര്‍ട്ടിയെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് എടുക്കാന്‍ കഴിയില്ല. ബിജെപി നേതാക്കള്‍ പറഞ്ഞത് ന്യൂനപക്ഷങ്ങളുമായുള്ള സമീപനവുമായി ബന്ധപ്പെട്ടാണ്. അല്ലാതെ മുസ്ലീംലീഗ് എന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ലെന്നും വി. മുരളീധരന് പറഞ്ഞു.
നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ലീഗ് വര്‍ഗീയ കക്ഷിയാണെന്ന് പറഞ്ഞിരുന്നു. നരേന്ദ്ര മോഡിയുടെ നയങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് പറഞ്ഞാല്‍ മുസ്ലീംലീഗിനേയും സ്വീകരിക്കുമെന്നായിരുന്നു ശോഭ സുരേന്ദ്രന് പറഞ്ഞത്. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ മുന്നണി വികസനം സംബന്ധിച്ച് വ്യക്തത തന്നിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞിരുന്നു.