കൊട്ടാരക്കര: കൊവിഡ് രോഗിയായിരുന്ന വീട്ടമ്മയെ പരിശോധനയ്ക്കു കൊണ്ടുപോകാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ വിസമ്മതിച്ചപ്പോള്‍ സ്വന്തം സ്കൂട്ടറുമായി പരിശോധനയ്ക്ക് എത്തിക്കാന്‍ തയ്യാറായി ആശാ വര്‍ക്കര്‍ ഉഷാകുമാരി. എട്ടുവര്‍ഷമായി കമ്പങ്കോട് വാര്‍ഡിലെ ആശാ വര്‍ക്കറാണ് ഉഷാകുമാരി.
പിപിഇ കിറ്റ് ധരിച്ച് രോഗിയെ സ്കൂട്ടറിനു പിന്നിലിരുത്തി ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധനയ്ക്കുശേഷം വീട്ടിലെത്തിക്കുകയും ചെയ്തു. കമ്പങ്കോട് വാര്‍ഡിലെ ആശാ വര്‍ക്കറാണ് ഉഷാകുമാരി. ചരുവിള പുത്തന്‍വീട്ടില്‍ റംലാബീവിയെയാണ് ഉഷകുമാരി പരിശോധന നടത്തി വീട്ടിലെത്തിച്ചത്.
ആന്റിജന്‍ പരിശോധനയില്‍ റംലാബീവി നെഗറ്റീവാണ്. പത്തുദിവസംമുന്പാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ത്തന്നെ ചികിത്സയിലായിരുന്നു. ആന്റിജന്‍ ടെസ്റ്റിനായി പോകാന്‍ ഓട്ടോറിക്ഷകള്‍ വിളിച്ചെങ്കിലും ആരും തയ്യാറായില്ല. വാളകം സിഎച്ച്സിയില്‍നിന്ന് ആംബുലന്‍സ് സൗകര്യവും ലഭിച്ചില്ല. സ്വന്തമായി ആംബുലന്‍സ് വിളിച്ചുപോകാനുള്ള പണമുണ്ടായിരുന്നില്ല.
തുടര്‍ന്നാണ് ഉഷാകുമാരി ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്. വയയ്ക്കല്‍ സെന്ററിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ശോഭയുടെ ഉപദേശം തേടി. പിപിഇ കിറ്റ് ധരിച്ച് സ്കൂട്ടറുമായി നേരേ റംലാബീവിയുടെ വീട്ടിലെത്തി. പിന്നെ, വാഹനം ലഭിക്കാതെ ആശങ്കപ്പെട്ടിരുന്ന റംലയെയും കയറ്റി വാളകത്തെ പരിശോധനാകേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു. മുന്‍ നിശ്ചയിച്ചിരുന്ന സമയത്തെക്കാള്‍ വൈകിയാണ് ചെന്നതെങ്കിലും പരിശോധന നടത്തി റംലയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു.