പാലക്കാട്: കേരളത്തിന് അത്യാവശ്യമാണ് ലൗ ജിഹാദ് നിയമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പാലക്കാട് വിജയയാത്രയ്ക്കിടയില് സംസാരിക്കവെയാണ് സുരേന്ദ്രന് ഇക്കാര്യം പറഞ്ഞത്. വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നതിനായി കേരളത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരുന്നത് ബിജെപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ക്രൈസ്തവ സഭകളും നിയമനിര്‍മ്മാണം ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലീം ലീഗുമായി ഒരു ഒത്തുതീര്‍പ്പിനും ബിജെപി തയ്യാറല്ലെന്നും ലീഗ് രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്ഡിഎയോടൊപ്പമായിരുന്ന എല്ലാ ഘടകക്ഷികളേയും തിരിച്ചുകൊണ്ടുവരാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് സുരേന്ദ്രന് പറയുന്നു.
അതേസമയം, ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. എല്ലാവരെയും കൂടെനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സുരേന്ദ്രന് പാലക്കാട്ട് പറഞ്ഞു. കേരളത്തിലെ കാര്‍ഷികമേഖലയില്‍ അഞ്ചുവര്‍ഷക്കാലം കൊണ്ട് പരിപൂര്‍ണ്ണമായ തകര്ച്ചയാണുണ്ടായതെന്ന് സുരേന്ദ്രന് ആരോപിക്കുന്നു.
ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ ഓടിക്കാന്‍ ആളെ വിടുന്ന പിണറായി വിജയന് സംഭരിച്ച നെല്ലിന് കേരളത്തിലെ കര്‍ഷകര്‍ക്ക് പണം പോലും നല്‍കിയിട്ടില്ലെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി. കേരളത്തില്‍ ഏത് വിളയ്ക്കാണ് താങ്ങുവില വര്ദ്ധിപ്പത്? സമയത്തിന് കൊയ്യാന്‍ സാധിച്ചിട്ടില്ല. സംഭരിക്കാന്‍ സാധിച്ചില്ല. പിആര്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാവില്ലെന്നും കാര്‍ഷിക വ്യവസായ മേഖലകളില്‍ സമ്പൂര്‍ണ്ണ തകര്‍ച്ചയുണ്ടായെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
എല്ലാ സ്ഥാപനങ്ങളും പൂട്ടിപ്പോകുന്ന സ്ഥിതിയാണുള്ളത്. വ്യവസായികള്‍ കേരളം വിട്ട് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും ആന്ധ്രാപ്രദേശിലേക്കും കൂട്ടത്തോടെ പോകുന്നു. എന്നിട്ടും വ്യവസായരംഗത്ത് വന്പുരോഗതിയുണ്ടായെന്ന് സര്‍ക്കാര്‍ പറയുന്നു. ആകെ പറയാനുള്ളത് ഒരു കിറ്റ് കൊടുത്തു എന്ന് മാത്രമാണ്. അതിന് എന്തിനാണ് ഒരു സര്‍ക്കാര്‍. കേന്ദ്രം തരുന്ന അരിയും പയറും കിറ്റിലാക്കി കൊടുക്കാന്‍ ജില്ലാ കളക്ടര്‍ മതിയല്ലോയെന്നും സുരേന്ദ്രന് ആക്ഷേപിച്ചു.