കല്യാശ്ശേരി: റെയ്ഡിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ കഞ്ചാവ് വില്പ്പനക്കാരന് വെട്ടിവീഴ്ത്തി. ചവിട്ടി വീഴ്ത്തിയ ശേഷം മുതുകില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പാപ്പിനിശ്ശേരി എക്സൈസ് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ അഴീക്കലിലെ വി നിഷാദിനാണ് (46) വെട്ടേറ്റത്. സംഭവത്തില്‍, പ്രതി യോഗശാലയ്ക്ക് സമീപത്തെ ഇളനീര് വില്പ്പനക്കാരന് ദയാ മന്‍സിലില്‍ ഷബീറിനെ (36) കണ്ണപുരം പോലീസ് അറസ്റ്റുചെയ്തു.
സാരമായി പരിക്കേറ്റ ഓഫീസറെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്ടിപി റോഡിലെ കല്യാശ്ശേരി കണ്ണപുരത്തിനുടത്ത യോഗശാലയില്‍ വാഴാഴ്ച രാവിലെ 11.30-ഓടെയാണ് അക്രമം നടന്നത്. റോഡരികില്‍ ഇളനീര് വില്‍ക്കുന്ന ഷബീര്‍ രഹസ്യമായി മയക്കുമരുന്ന് വില്‍ക്കുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു.
പലതവണ റെയ്ഡിന് ചെന്നെങ്കിലും തൊണ്ടിസാധനം കിട്ടാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ സാധിച്ചില്ല. വ്യാഴാഴ്ച രാവിലെ വീണ്ടും ചെന്നപ്പോള്‍ കഞ്ചാവ് പ്ലാസ്റ്റിക് കവറില്‍ ചെറിയ പൊതികളാക്കി ബാഗില്‍വെച്ചത് എക്സൈസ് സംഘം കണ്ടെത്തി. ഇതോടെ കുപിതനായ ഷബീര്‍ ഇളനീര് വെട്ടാനുപയോഗിക്കുന്ന വാക്കത്തിയുമായി ഉദ്യോഗസ്ഥനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഷബീര്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നു.