കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേയ്ക്ക് യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊല്ലത്താണ് രാഹുല്‍ കടലിന്റെ മക്കള്‍ക്കൊപ്പം ഇറങ്ങിയത്. മത്സ്യത്തൊഴിലാളികളുമായി ബുധനാഴ്ച നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര.
പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെസി വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം കടല്‍ യാത്രയില്‍ ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി ഒരു മണിക്കൂറോളം സംവദിക്കും.