തൃശൂര്‍: സ്വന്തം പേരില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തില്‍ മന്ത്രി വിഎസ് സുനില്‍ കുമാറിനൊപ്പം പന്തുതട്ടി ഫുട്ബോള്‍ താരം ഐഎം വിജയന്. ലാലൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന ‘ഐഎം വിജയന് രാജ്യാന്തര സ്പോര്‍ട്സ് കോംപ്ലക്സ്’ സന്ദര്‍ശിക്കാന്‍ മന്ത്രിക്കൊപ്പം എത്തിയതായിരുന്നു താരം. സ്റ്റേഡിയത്തിനു മുന്നില്‍ മന്ത്രിയുമായി പന്തുതട്ടിയ വിജയന് നിര്മാണത്തൊഴിലാളികള്ക്കൊപ്പം സെല്‍ഫിക്കും പോസ് ചെയ്താണ് മടങ്ങിയത്.
സ്റ്റേഡിയം ഏപ്രിലില്‍ പൂര്‍ത്തിയാവുമെന്നു മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു. ‘ജീവിച്ചിരിക്കുന്ന ഫുട്ബോള്‍ ഇതിഹാസത്തിന്റെ പേരില്‍ തന്നെ സ്റ്റേഡിയം നിര്‍മിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും, ലാലൂര്‍ ഗ്രൗണ്ടില്‍ അവശേഷിക്കുന്ന മാലിന്യം നീക്കിയശേഷം സ്റ്റേഡിയത്തിലേക്കുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ തൃശൂരില്‍ 4 സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാലിന്യം തള്ളാന്‍ ഉപയോഗിച്ചിരുന്ന ലാലൂര്‍ ഗ്രൗണ്ടില്‍ 14 ഏക്കറില്‍ കിഫ്ബി സഹായത്തോടെ 70.56 കോടി രൂപ മുടക്കിയാണു സ്റ്റേഡിയം നിര്‍മിക്കുന്നത്.
രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് ടര്‍ഫും 2000 പേര്‍ക്കിരിക്കാവുന്ന ഗാലറിയുമുണ്ടാകും. 4 നില ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടുന്ന പവിലിയന്, ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍ക്കുളം, ടെന്നിസ് കോര്‍ട്ട്, 5 ലക്ഷം ലീറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണി, വിഐപി വിശ്രമ മുറികള്‍ എന്നിവയും ഒരുക്കുന്നുണ്ട്.