കാസര്‍കോട്: ഇ ശ്രീധരന് മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏതുപദവിയും വഹിക്കാന്‍ യോഗ്യനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന് സ്ഥാനാര്‍ഥിയാകുമെന്നും സുരേന്ദ്രന് പ്രഖ്യാപിച്ചു.
ഇ ശ്രീധരന് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. താന്‍ മല്‍സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും സുരേന്ദ്രന് മനോരമ ന്യൂസിനോട് പറഞ്ഞു. കേരളത്തില്‍ വികസനപ്രതിസന്ധിയുണ്ട്. സര്‍ക്കാരിന്റെ പിആര്‍ ജോലികള്‍ മാത്രമാണ് നടക്കുന്നത്.
ശക്തമായ ത്രികോണ മല്‍സരത്തിലൂടെ 30% വോട്ട് ബിജെപി നേടുമെന്നും സുരേന്ദ്രന് പറഞ്ഞു. അതിനിടെ, ബിജെപിയുടെ വിജയ യാത്രയ്ക്ക് കാസര്‍കോട്ട് ഇന്ന് തുടക്കമാകും. വൈകിട്ട് 3 മണിക്ക് കാസര്‍കോട് താളിപ്പടുപ്പ് മൈതാനത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയ യാത്ര ഉദ്ഘാടനം ചെയ്യും.
ബിജെപി ദേശീയ സംസ്ഥാന നേതാക്കളും എന്‍ഡിഎ ഘടകകക്ഷി നേതാക്കളും ഉദ്ഘാടന വേദിയില്‍ സംബന്ധിക്കും. തെരഞ്ഞെടുപ്പില്‍ വലിയ വിജയം ലക്ഷ്യമിട്ടുകൊണ്ടാണ് ബിജെപി കളത്തിലിറങ്ങുന്നത്.