ന്യൂഡല്‍ഹി: ലവ് ജിഹാദെന്ന സങ്കല്പത്തെ താന്‍ വെറുക്കുന്നുവെന്ന് ബിജെപിയിലേക്ക് ചേക്കേറിയ ഇ ശ്രീധരന്. കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യയിലൂടെ വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്നും ശ്രീധരന് പറഞ്ഞു.
എന്‍ഡി ടിവിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു ഇ ശ്രീധരന് ബിജെപിയില്‍ ചേരുകയാണെന്ന കാര്യ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന് അറിയിച്ചത്. ശ്രീധരന് ഇക്കാര്യം സ്ഥിരീകരിക്കുകയും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ലൗ ജിഹാദിനെക്കുറിച്ച് പ്രതികരിച്ചത്. ‘ലവ് ജിഹാദ്…. ശരിയാണ് കേരളത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ കാണുന്നതാണ്. എങ്ങനെയാണ് ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യകള്‍ കാട്ടി വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്നതും തുടര്‍ന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും.
ഹിന്ദുക്കളെയും മുസ്ലിങ്ങളെയും മാത്രമല്ല, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെപ്പോലും വശീകരിച്ച് വിവാഹം ചെയ്യുന്നുണ്ട്. അതിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്’, ലവ് ജിഹാദ് നിയമവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. താന്‍ മാംസാഹാരം കഴിക്കാറേ ഇല്ലെന്നായിരുന്നു ബീഫ് നിരോധനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി. ‘വ്യക്തിപരമായി ഞാന്‍ കടുത്ത സസ്യാഹാരിയാണ്. മുട്ടപോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല’, ശ്രീധരന് വ്യക്തമാക്കി.