മുണ്ടക്കയം: കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവാവിന്റെ പക്കല്‍ നിന്ന് 50,000 രൂപ വാങ്ങിയ സ്റ്റേഷന് ഹൗസ് ഓഫിസറെയും കാന്റീന് നടത്തിപ്പുകാരനെയും വിജിലന്‍സ് സംഘം പിടികൂടി. മുണ്ടക്കയം എസ്എച്ച്ഒ കൊല്ലം ശാസ്താംകോട്ട വിശാഖത്തില് വി.ഷിബുകുമാര്‍ (46), പൊലീസ് സ്റ്റേഷന് കന്റീന്‍ നടത്തിപ്പുകാരന് സുദീപ് ജോസഫ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍സ് ബ്യൂറോ മേധാവി വി.ജി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൂട്ടിക്കല്‍ സ്വദേശിയായ എക്സ് സര്‍വീസ് ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്.
ഇയാളുടെ അച്ഛനും അമ്മയും സഹോദരനുമായി ഉണ്ടായിരുന്ന പ്രശ്നത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം മുന്‍പ് ഇയാളുടെ വാഹനം പൊലീസ് പിടിച്ചെടുത്തു. കോടതി മുഖാന്തരം ജാമ്യം നേടിയ ഇയാള്‍ ഒപ്പിടാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഷിബുകുമാര്‍ വാഹനത്തിന്റെ ആര്‍സി ബുക്ക് വാങ്ങിവച്ചു.
ഇതിന്റെ പേരില്‍ യുവാവിനെ പതിവായി സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു കന്റീന്‍ നടത്തിപ്പുകാരന് സുദീപ് ഇടപെട്ട് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ സഹായിക്കാമെന്ന് അറിയിക്കുകയായിരുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് വാഹനം തിരികെ നല്‍കുന്നതിന് ഒന്നര ലക്ഷം രൂപയാണ് ഉദ്യോഗസ്ഥനും കരാറുകാരനും ചേര്‍ന്ന് ആവശ്യപ്പെട്ടത്.
പിന്നീട് ഒരു ലക്ഷം രൂപ നല്കിയാല് കേസ് ഒതുക്കാമെന്നും ധാരണയായി. ഇതോടെ എക്സ് സര്‍വീസ് ഉദ്യോഗസ്ഥന് വിജിലന്‍സ് വിഭാഗവുമായി ബന്ധപ്പെട്ടു. ഇന്നലെ വൈകിട്ട് നാലോടെ ആദ്യഗഡുവായ അര ലക്ഷം രൂപ കൊടുക്കുന്നതിനായി എക്സ് സര്‍വീസ് ഉദ്യോഗസ്ഥന് മുണ്ടക്കയം സ്റ്റേഷനു മുന്നിലെ ക്വാര്‍ട്ടേഴ്സില്‍ എത്തി.
ഫിനാഫ്തലിന്‍ പൗഡര്‍ വിതറിയ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള തുക ഇയാള്‍ സുദീപിനു കൈമാറി. സുദീപ് ക്വാര്‍ട്ടേഴ്സിലെത്തി തുക ഷിബുകുമാറിനു കൈമാറി. പിന്നാലെ എത്തിയ വിജിലന്‍സ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.