കൊച്ചി: കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തന്നെ പരാജയപ്പെടുത്തിയത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കുമിടയില്‍ തന്നെപ്പറ്റിയുണ്ടായിരുന്ന തെറ്റിദ്ധാരണകളാണെന്ന് പത്മജ വേണുഗോപാല്‍. നിയമസഭ തിരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് തൃശ്ശൂരില്‍ തന്നെയായിരിക്കുമെന്നും പത്മജ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ തെറ്റിദ്ധാരണകള്‍ ഇപ്പോള്‍ മാറിക്കഴിഞ്ഞെന്നും മുന്‍പ് തെറ്റിദ്ധരിച്ചവര്‍ നേരിട്ടുവന്ന് തന്നോട് ക്ഷമ ചോദിച്ചെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ ഒരു അഭിമുഖത്തിലായിരുന്നു പത്മജയുടെ പ്രതികരണം.
താനൊരു അഹങ്കാരിയാണെന്ന തെറ്റിദ്ധാരണ പലരിലും മുന്‍പ് ഉണ്ടായിരുന്നതായി പത്മജ പറയുന്നു. 500 രൂപയുടെ സാരി ഉടുത്താല്‍ പോലും 5000 രൂപയുടേതാണെന്ന് പറയുമായിരുന്നു. ഈ തെറ്റിദ്ധാരണകള്‍ കൊണ്ടാണ് തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടത്- പത്മജ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ ആ തെറ്റിദ്ധാരണ മാറിയെന്നും അത് പലരും തന്നോട് നേരിട്ട് പറഞ്ഞെന്നും പത്മജ പറഞ്ഞു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിട്ടില്ലെന്നും പത്മജ അറിയിച്ചു. എന്നാല്‍ മത്സരിക്കുകയാണെങ്കില്‍ തൃശ്ശൂരില്‍ നിന്ന് തന്നെയായിരിക്കും. പാര്‍ട്ടി ഇത് സംബന്ധിച്ച് തന്നോടൊന്നും പറഞ്ഞിട്ടില്ലെന്നും എതിര് സ്ഥാനാര്‍ഥി ആരായാലും അത് തനിക്ക് പ്രശ്നമല്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അനുകൂല മണ്ഡലമായി പരിഗണിക്കപ്പെടവെ തന്നെ കെ കരുണാകരന്റെ പരാജയത്തില്‍ തുടങ്ങി പത്മജ വേണുഗോപാലിന്റെ പരാജയത്തിലവസാനിക്കുന്ന തെരഞ്ഞെടുപ്പ് ചരിത്രമാണ് തൃശ്ശൂര്‍ മണ്ഡലത്തിന്റേത്. 2