പാലക്കാട്:കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലെ കുനിശേരി കുതിരപ്പാറയിലാണ് സംഭവം. കരിയന്‍കാട് വീട്ടില്‍ ജസീര്‍- റംല ദമ്പതികളുടെ മക്കളായ ജിന്‍ഷാദ് (12),റിന്‍ഷാദ് (7),റിഫാസ് (3) എന്നിവരാണ് മരിച്ചത്.
അമ്മയോടൊപ്പം കുളിക്കാനായി പോയ കുട്ടികള്‍ കയത്തിലകപ്പെടുകയായിരുന്നു. വീടിന് 100 മീറ്റര്‍ അകലെയുള്ള കുളത്തില്‍ ഒരുമണിയോടെയായിരുന്നു ദുരന്തം. കുളത്തിന് സമീപം കളിക്കുകയായിരുന്നു കുട്ടികള്‍. കൈകാല്‍ കഴുകനായി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
നിറയെ വെള്ളമുണ്ടായിരുന്ന കുളത്തില്‍ കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട അയല്പക്കത്തെ യുവാവ് നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തുമ്പോഴേക്കും കുട്ടികളുമായി നാട്ടുകാര്‍ ആശുപത്രയിലെത്തിയിരുന്നു.
എന്നാല്‍ മൂന്ന് പേരും മരിച്ചു. മൃതദേഹങ്ങള്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.