ശ്രീകണ്ഠപുരം: ഭര്‍ത്താവ് മരിച്ച്, രണ്ട് മക്കളെയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിഞ്ഞ സിന്ധുവിന് സഹായ ഹസ്തവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സഹായ ഹസ്തം. സഹപാഠിക്ക് കൂട്ടായ്മ വീട് നിര്‍മ്മിച്ച് നല്കി.
ചെമ്പേരി നിര്‍മല ഹൈസ്കൂള്‍ 1993 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികളുടെ ഓര്‍മക്കൂട്ട് കൂട്ടായ്മയാണ് രണ്ടുതെങ്ങ് പേണ്ടാനത്ത് സിന്ധുവിന് വീട് നിര്‍മിച്ചുനല്‍കിയത്. മൂന്ന് വര്‍ഷം മുന്‍പാണ് സിന്ധുവിന്റെ ഭര്‍ത്താവ് മരണപ്പെട്ടത്. ശേഷം ദുരിതം അനുഭവിക്കുന്ന തങ്ങളുടെ സഹപാഠിക്ക് കൂട്ടായ്മ വീടൊരുക്കുകയായിരുന്നു.
ബംഗളൂരിവിലെ സ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ മൂന്ന് മാസം കൊണ്ടാണ് വീടിന്റെ പണി പൂര്‍ത്തിയാക്കിയത്. വീടിന്റെ വെഞ്ചിരിപ്പ് കര്‍മ്മം രത്നഗിരി സെയ്ന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ. ജോണ്സണ് വേങ്ങപ്പറമ്പില്‍ നിര്‍വഹിച്ചു. സ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ ഫാ. ബിജോയ് കുളിരാനി സിന്ധുവിന്റെ പിതാവിന് താക്കോല്‍ കൈമാറി.