പുന്നയൂര്‍ക്കുളം: റോഡരികില്‍ നിര്‍ത്തിയിട്ട പെട്ടിഓട്ടോയിലേയ്ക്ക് മിനിലോറി ഇടിച്ചുകയറി അപകടം. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. വാടാനപ്പള്ളി ചിലങ്ക ബീച്ച് സ്വദേശി നൗഷാദാണ് മരണപ്പെട്ടത്. 46 വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പാപ്പാളി സ്കൂളിന് സമീപമാണ് അപകടം നടന്നത്.
റോഡരികില്‍ ഓട്ടോ നിര്‍ത്തിയിട്ട് പഴങ്ങളുടെ വില്‍പ്പന നടത്തുകയായിരുന്നു നൗഷാദ്. പൊന്നാനി ഭാഗത്തുനിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ജീവിക്കാനുള്ള വഴിയോര കച്ചവടത്തിനിടെയാണ് നൗഷാദിന്റെ വിയോഗം.
മുസ്തഫ സ്മാരക ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സമീപത്തുള്ള കട അടച്ചിരുന്നതിനാല്‍ കൂടുതല്‍ ആളപായം ഒഴിവായി. റോഡരികില്‍ ഉണ്ടായിരുന്ന വൈദ്യുതിക്കാലും ബിഎസ്എന്‍എല്‍ കണക്ഷന് ബോക്സും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ സീറ്റിലായിരുന്ന നൗഷാദിനെ വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഭാര്യ: റംല. മക്കള്‍: ഫാത്തിം, ഫാഹിം.