തിരുവനന്തപുരം : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണഫണ്ടിലേക്ക് കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി സംഭാവന നല്‍കിയത് വന്‍ വിവാദത്തില്‍. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസിലെത്തിയാണ് സംഭാവന സ്വീകരിച്ചത്.
എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായി മാറി. ഇതാടെ പ്രതികരണവുമായി എംഎല്‍എ രംഗത്തെത്തി. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും രാമക്ഷേത്രത്തിനുള്ള ഫണ്ട് പിരിവാണെന്ന് അറിഞ്ഞിരുന്നില്ലെന്നും എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചു.
ആര്.എസ്.എസ്സിനെ വളര്‍ത്താന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്നും എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. സംഭാവന സ്വീകരിച്ചതിനു പിന്നാലെ രാമ ക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റര്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ എം.എല്‍.എയ്ക്ക് കൈമാറുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചിത്രം വിവാദമായതോടെ പാര്‍ട്ടിയില്‍ നിന്നും എല്‍ദോസ് കുന്നപ്പള്ളിക്ക് സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് എല്‍ദോസ് കുന്നപ്പള്ളിയുടെ പേരില്‍ വന്‍ വിവാദം ഉയരുന്നത്.അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ആര്‍എസ്എസ് ഫണ്ട് ശേഖരണത്തെ പിന്തുണച്ച് മുമ്പും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ആര്‍എസ്എസ് ഫണ്ട് ശേഖരണ പരിപാടി ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ റ്റി ജി രഘുനാഥ പിള്ള ഉദ്ഘാടനം ചെയ്തത് വലിയ വിവാദത്തിലായിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തത് ക്ഷേത്ര ഭാരവാഹി എന്ന നിലയിലാണെന്നായിരുന്നു രഘുനാഥ പിള്ളയുടെ വിശദീകരണം.