പട്ടാമ്പി: ഭാരതപ്പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. മലപ്പുറം പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി കുറ്റാശ്ശേരി വീട്ടില്‍ മൊയ്തീന്‍കുട്ടിയുടെ മകന് അബ്ദുള്‍ സലാമിനെയാണ് (29) കാണാതായത്. അഞ്ചുപേരടങ്ങിയ സംഘം ചൊവ്വാഴ്ച രാവിലെ 11-ഓടെയാണ് ഭാരതപ്പുഴയുടെ കൊടുമുണ്ട ഗേറ്റ് ഭാഗത്തെത്തിയത്.
അബ്ദുള്‍ സലാമിനെ കാണാതായത് ഉച്ചയോടെയാണെന്ന് കൂടെയുള്ളവര്‍ പറയുന്നു. മീന്‍പിടിക്കുന്നതിനിടെ പുഴയുടെ അക്കരെനിന്നും തിരിച്ച് നീന്തുന്നതിനിടെ പെട്ടെന്ന് വെള്ളത്തില്‍ കാണാതാവുകയായിരുന്നു എന്നാണ് പറയുന്നത്. പുഴയുടെ ഈ ഭാഗത്ത് മണലെടുപ്പുമൂലം വലിയ കുഴികളും അടിയൊഴുക്കും ഉള്ളതായി പരിസരവാസികള്‍ പറയുന്നു. അടിയൊഴുക്കും ശക്തമാണ്. ഒരു ഭാഗത്ത് പുല്‍ക്കാടും ഉണ്ട്.
യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്നും പെരിന്തല്‍മണ്ണയില്‍ നിന്നും അഗ്നിശമനസേനാ യൂണിറ്റുകളെത്തി തിരച്ചിലാരംഭിച്ചിട്ടുണ്ട്. തോണികളും പാലക്കാടുനിന്ന് കൊണ്ടുവന്ന ബോട്ടുകളും ഉപയോഗിച്ച് അഗ്നിശമനസേനാ യൂണിറ്റംഗങ്ങളും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. കാണാതായ അബ്ദുള്‍ സലാം ഡ്രൈവറായിരുന്നു. പണിമുടക്കിനെത്തുടര്‍ന്ന് ഒഴിവായതിനാലാണ് മീന്പിടിക്കുന്നതിനെത്തിയതെന്നും അബ്ദുള്‍ സലാമിന് നീന്തലറിയാമെന്നും കൂടെയുള്ളവര്‍ പറയുന്നു.