കണ്ണൂര്‍: പ്രായം 52 കഴിഞ്ഞു, പക്ഷേ രമേഷ് ബാബുവിന്റെ ഉയരം മൂന്നടിയാണ്. ഇപ്പോള്‍ തന്നേക്കാള്‍ ഉയരമുള്ള ചൂലുമായി നഗരം വൃത്തിയാക്കി മുന്നേറുകയാണ് രമേഷ്. എന്നും രാവിലെ അഞ്ചരക്കണ്ടി മുരിങ്ങേരിയിലെ വീട്ടില്‍ നിന്നു 18 കിലോമീറ്ററോളം മുച്ചക്ര വാഹനമോടിച്ചാണ് രമേഷ് ജോലിക്കെത്തുന്നത്. ഉച്ചയോടെ ജോലി തീര്‍ത്ത് മടങ്ങുകയും ചെയ്യും. പാതയോരത്തെ മാലിന്യങ്ങളും മറ്റും അടിച്ചുവാരി നീക്കും.
കണ്ണൂര്‍ താണ മുതല്‍ കാല്‍ടെക്സ് വരെയുള്ള ഭാഗമാണ് രമേഷ് ശുചീകരിക്കുന്നത്. നേരത്തെ കണ്ണൂര്‍ നഗരത്തില്‍ പെട്ടിക്കട നടത്തിയിരുന്ന രമേഷ് ബാബു രണ്ടുവര്‍ഷം മുന്‍പാണ് കോര്‍പറേഷന്റെ ശുചീകരണ തൊഴിലാളിയായി സേവനം ആരംഭിച്ചത്. പതിവു ശുചീകരണത്തിനു പുറമെ, ഇപ്പോള്‍ കോവിഡ് കാല ശുചീകരണം കൂടിയുണ്ട് രമേഷിന്.
പലപ്പോഴും അശ്രദ്ധമായി വലിച്ചെറിയുന്ന മാസ്ക്കുകളാണ് ഇപ്പോള്‍ രമേഷിനെ വലയ്ക്കുന്നത്. റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്നു തപ്പിയെടുത്ത് നശിപ്പിക്കേണ്ട സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ പൊതു ഇടങ്ങളില്‍ മാസ്ക് വലിച്ചെറിയരുത് എന്ന ഒറ്റ അഭ്യര്‍ഥന മാത്രമേ രമേഷ് ബാബുവിനുള്ളൂ. ഭിന്നശേഷിക്കാരിയായ മകള്‍ക്ക് സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചു കഴിയുകയാണ് ഇപ്പോള്‍ രമേഷ്.