കോട്ടയം: സംസ്ഥാനത്ത് മഴ കനക്കുന്നു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ മഴ തുടരെ തുടരെ പെയ്യുകയാണ്. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടി, ഈ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചു.
വയനാട് ജില്ലയില്‍ കഴിഞ്ഞ 12 മണിക്കൂറായി നിലയ്ക്കാത്ത മഴയാണ്. ലക്കിടി ലക്ഷംവീട് കോളനിയിലെ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു നാലംഗം കുടുംബം മണ്ണിനടിയില്‍പ്പെട്ടെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. മഴ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. മഴ കനക്കുന്ന സാഹചര്യത്തില്‍ ഇടമലയാറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് നാളെ അണക്കെട്ട് തുറന്നേയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
164 ഘനമീറ്റര്‍ വെള്ളം തുറന്നുവിടും. അഞ്ചു മണിക്കൂറിനുള്ളില്‍ വെള്ളം ആലുവയിലെത്തും.
ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. വൈത്തിരിയുടെയും പഴയ വൈത്തിരിയുടെയും ഇടയില്‍ മണ്ണിടിഞ്ഞു വീണു ഗതാഗതം സ്തംഭിച്ചു. ജില്ലയിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നു കലക്ടറുടെ നിര്‍ദേശം. കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.