ദുബായ്; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ വീണ്ടും കോടീശ്വരനായി മലയാളി. എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദി(35)നെയാണ് ഭാഗ്യദേവത കനിഞ്ഞത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ 7.3 കോടിയോളം രൂപയാണ് സൂരജ് അനീദിന് സമ്മാനമായി ലഭിച്ചത്.
ജനുവരി 20ന് ഓണ്‍ലൈന്‍ വഴിയെടുത്ത 4645 നമ്പര്‍ ടിക്കറ്റിലൂടെയാണ് സൂരജിനെ തേടി ഭാഗ്യമെത്തിയത്. അപ്രതീക്ഷിതമായി കോടീശ്വരനായി മാറിയത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് സൂരജ് പറയുന്നു. സമ്മാനം ലഭിച്ച സന്തോഷത്തിലാണ് സൂരജിന്റെ കുടുംബവും.
ഇന്നലെ നടന്ന നറുക്കെടുപ്പില്‍ വിജയിയായ വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്നാണ് സൂരജ് പറയുന്നത്. നാലാം തവണയാണ് ടിക്കറ്റ് എടുക്കുന്നതെന്നും തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനം നേടുന്ന 350-ാമത്തെ വിജയിയും, കോടിപതിയാവുന്ന 175ാം ഇന്ത്യക്കാരനുമാണ് സൂരജ്. ഫസ്റ്റ് അബുദാബി ബാങ്കിലെ കസ്റ്റംസ് സര്‍വീസ് വിഭാഗത്തില്‍ ജീവനക്കാരനായ സൂരജ് 5 വര്‍ഷമായി യുഎഇയിലാണ്. ഭാര്യ അഞ്ജു, മകള്‍ ഇഷാനി എന്നിവര്‍ക്കൊപ്പം അബുദാബിയിലാണ് താമസം.