എറണാകുളം: എറണാകുളം പാറക്കടവ് കുറുമശേരി ബേക്കറിയുടമയെ ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍വി ബാബുവിനെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
മതവികാരം വൃണപ്പെടുത്തത്തുന്ന പരാമര്‍ശങ്ങളുടെ പേരിലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയ്ക്കെതിരെ പോലീസ് കേസെടുത്തത്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്‍വി ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിന് തൊട്ടുപിന്നാലെ ഹലാലിനെതിരെയുള്ള നിലപാട് ആവര്‍ത്തിച്ച് ആര്‍വി ബാബു വീണ്ടും രംഗത്തെത്തി. താന്‍ ഒരാളുടേയും മതവികാരം വൃണപ്പെടുത്തിയിട്ടില്ലെന്നും മതത്തിന്റെ പേരിലുള്ള വിവേചനത്തെ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആര്‍വി ബാബുവിന്റെ പ്രതികരണം.
ഹലാല്‍ എന്ന സങ്കല്‍പ്പം ഒരു ബഹുസ്വര സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ഹിന്ദു ഐക്യവേദിയുടെ ഇടപെടല്‍ കൊണ്ടാണ് വിഷയം കേരളത്തില്‍ ചര്‍ച്ചയായതെന്നും ബാബു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പിണറായി വിജയന് സര്‍ക്കാര്‍ ഉമ്മാക്കി കാണിച്ച് തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും ആര്‍വി ബാബു കൂട്ടിച്ചേര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് നാലു ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ അരവിന്ദ്, ജനറല്‍ സെക്രട്ടറി ധനേഷ് പ്രഭാകരന് ഒപ്പം സുജയ്, ലെനിന് എന്നീ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.